
സ്ത്രീധനം നല്‍കാതെ ഒരു മുജാഹിദ് യുവാവിന് മകളെ വിവാഹം ചെയ്തുകൊടുത്തതിന്റെ പേരില്‍ പാലക്കാട് ജില്ലയിലെ മപ്പാട്ടുകര പള്ളിത്തൊടി അബ്ദുല്‍ ഖാദറിനേയും ആ കല്യാണത്തില്‍ പങ്കെടുത്ത 13 കുടുംബങ്ങളേയും മഹല്ലുകമ്മിറ്റി ഒരു വര്‍ഷക്കാലമായി ഊരുവിലക്കിയിരിക്കുകയാണ്. ഇതേ പ്രദേശത്ത് സമാനമായ കുറ്റം ചാര്‍ത്തി മറ്റൊരു കുടുംബം ആറു വര്‍ഷത്തോളമായി ഊരുവിലക്ക് നേരിട്ടുവരുന്നുണ്ട്. ഐ എസ് എം സംഘടിപ്പിച്ച ഒരു സമൂഹവിവാഹത്തിലൂടെ തന്റെ മകളെ മുജാഹിദ് പ്രവര്‍ത്തകന് കെട്ടിച്ചയച്ചതാണ് ഈ കുടുംബം ചെയ്ത അപരാധം. മാത്രമല്ല, സ്ത്രീധനത്തുകയുടെ നിശ്ചിത ശതമാനം പള്ളിക്കമ്മിറ്റിക്ക് നല്‍കുക എന്ന മാമൂല്‍ ലംഘിച്ചു എന്ന ‘ഗുരുതരമായ’ കുറ്റവും ഈ കുടുംബം ചെയ്തുവെന്നാണ് മഹല്ല് കമ്മിറ്റിയുടെ കുറ്റപത്രത്തില്‍ പറയുന്നത്!
നന്മകല്പിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുക എന്നത് മുസ്‌ലിം സമുദായത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാതെ വ്യ്കതമാക്കിയിട്ടുണ്ട്. ആര്‍ക്കും തര്‍ക്കമില്ലാത്ത വിഷയവുമാണിത്. അപ്പോള്‍ ഒരു മഹല്ലിന്റെ അടിസ്ഥാനപരമായ ചുമതല പ്രദേശത്ത് അംറു ബില്‍ മഅ്‌റൂഫ് വ നഹ്‌യുന്‍ അനില്‍ മുന്‍കര്‍* നടപ്പില്‍ വരുത്തുകയാണെന്ന് വരുന്നു. നമ്മുടെ മഹല്ലുകമ്മിറ്റികളില്‍ പലതും ഈ ഗൌരവതരമായ ചുമതല നടപ്പിലാക്കുന്നില്ല എന്നു മാത്രമല്ല, തിന്മ വിരോധിക്കുന്നതിനു പകരം അതു നിലനിര്‍ത്തുന്നതില്‍ വാശിപിടിക്കുകയും ചെയ്യുന്നു എന്നല്ലേ മപ്പാട്ടുകര സംഭവം വിളിച്ചു പറയുന്നത്?
സ്ത്രീധനത്തിനെതിരില്‍ ഇന്ത്യയില്‍ കടുത്ത നിയമങ്ങളുണ്ട്. സ്ത്രീധനസമ്പ്രദായം, ദാമ്പത്യ ശിഥിലീകരണം, കുടുംബഠകര്‍ച്ച, ആത്മഹത്യ, മനോരോഗങ്ങള്‍ തുടങ്ങിയ ഒട്ടേറെ സാമൂഹ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പത്രം വായിക്കുന്ന എല്ലാവരും സമ്മതിക്കും.
ഇസ്‌ലാമിക പ്രമാണങ്ങള്‍ വെച്ച് സ്ത്രീധനത്തെ ഒരു അണുത്തൂക്കം പോലും ന്യായീകരിക്കാന്‍ പഴുതുകളില്ല. കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ പലതവണ തുപ്പല്‍കൂട്ടി മറിച്ചിട്ട് സ്ത്രീധനം ഹറാമല്ലെന്ന് ഫത്‌വ എഴുതാന്‍ വിയര്‍ക്കുന്നവര്‍ പോലും ഇപ്പോള്‍ മടിച്ചുമടിച്ച് ആ ശ്രമം കൈവിട്ടുട്ടുണ്ട്. എന്നിട്ടും പ്രായോഗിക തലത്തില്‍ സ്ത്രീധനസമ്പ്രദായം അനവരതം തുടരുന്നു എന്നതാണ് സത്യം. സ്ത്രീധന ലേലംവിളി വിവാഹനിശ്ചയസദസ്സുകളില്‍ നിന്ന് അപ്രത്യക്ഷമായിത്തുടങ്ങിയിട്ടുണ്ട് എന്ന് വേണമെങ്കില്‍ സമാധാനിക്കാം. മാന്യത കെട്ട ഏര്‍പ്പാടാണിത് എന്ന കുറ്റസമ്മതമാണല്ലോ അത്. എങ്കില്‍ പോലും തലയില്‍ മുണ്ടിട്ട് സ്ത്രീധനക്കച്ചവടമുറപ്പിക്കുകയും അതിന്റെ ബ്രോക്കറേജ് പറ്റുകയുമൊക്കെ തുടരുകതന്നെ ചെയ്യുന്നു. ഹറാമായ സ്ത്രീധനത്തിന്റെ കമ്മീഷന്‍ ചോദിച്ചു വാങ്ങാന്‍ മഹല്ലുകമ്മിറ്റികള്‍ പോലും ഉളുപ്പുകെട്ടു പോയെങ്കില്‍ ഈ സമുദായം അകപ്പെട്ട ജീര്‍ണതയുടെ ആഴം ഊഹിക്കാമല്ലോ. വിദ്യാഭ്യാസക്കച്ചവടം നടത്തി ‘രൂപതാ’ എന്ന് പരസ്യമായി പറയുന്ന ചര്‍ച്ചോ ക്ഷേത്രകമ്മിറ്റികള്‍ പോലുമോ സ്ത്രീധന കമ്മിഷന്‍ നല്‍കാത്തതിന്റെ പേരില്‍ ആയിരം വിലങ്ങിയ ചരിത്രമില്ല.
ഊരുവിലക്കു വാര്‍ത്ത വിവാദമാവുകയും പോലീസും വനിതാകമ്മീഷനും സംഭവം അന്വേഷിക്കാന്‍ ഒരുങ്ങുകയും ചെയ്ത പശ്ചാതലത്തില്‍ സമുദായ സങ്കടനാ നേതാക്കള്‍ കോഴിക്കോട് യോഗം ചേര്‍ന്ന് സ്ത്രീധനത്തിനെതിരെ യോജിച്ച നീക്കം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു; ആഹ്ലാദകരമായ വാര്‍ത്തതന്നെ! മുസ്‌ലിം ലീഗിന്റെയും സുന്നീ സംഘടനകളുടെയും മുജാഹിദ്, ജമാഅത്ത് സംഘടനകളുടേയുമെല്ലാം പ്രതിനിധികള്‍ യോഗത്തില്‍ സ്ത്രീധനത്തിന്റെ ആപത്തിനെക്കുറിച്ച് ശക്തമായി പ്രസംഗിക്കുകയും ഇക്കാര്യത്തില്‍ സമുദായത്തെ ബോധവത്ക്കരിക്കാന്‍ ഐക്യമുന്നേറ്റത്തിന് ആഹ്വാനം നല്‍കുകയും ചെയ്തത് സ്വാഗതാര്‍ഹമാണ്. മുമ്പും ഇതേ വിഷയത്തില്‍ ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ പലതും നടന്നിരുന്നെങ്കിലും അതൊന്നും മുകളില്‍ നിന്ന് താഴോട്ടു വരാതെ കൂമ്പടഞ്ഞ അനുഭങ്ങളാണുള്ളത്.
സ്ത്രീധനരഹിത വേദിയുടെ സംഘാടകര്‍ ഒഴിവുവേളയിലുള്ള സൊറ വിഷയമായി തുടര്‍ന്നും ഈ സാമൂഹ്യതിന്മയെ ലളിത വത്കരിക്കുകയില്ലെന്ന് തല്‍കാലം പ്രതീക്ഷിക്കാം. പൊതുസമ്മേളനവും സെമിനാറുമൊക്കെ നടത്തി ബഹളമുണ്ടാക്കുന്നതിനു പകരം ഓരോ സംഘടനയും അതാതിന്റെ അകത്ത് എന്തു ചെയ്യാമെന്നാലോചിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. സ്ത്രീധന വിവാഹങ്ങള്‍ അംഗീകരിക്കില്ലെന്ന് മഹല്ലു നേതൃത്വങ്ങളെക്കൊണ്ട് യോജിച്ച തീരുമാനമെടുപ്പിക്കാന്‍ മതസംഘടനകള്‍ക്ക് സാധിച്ചാല്‍, ഈ തിന്മയെ ഉന്മൂലനം ചെയ്യാന്‍ അധികസമയം വേണ്ടിവരില്ല.
സ്ത്രീധനം അനിസ്‌ലാമികമാണെന്ന് ചങ്കുറപ്പോടെ പറയാന്‍ ഉലമാക്കള്‍ക്ക് ** സാധിക്കുമോ എന്നതാണ് പ്രശ്നം. ഇമാമിനും*** മുഅദ്ദിനും**** ശമ്പളം കൊടുക്കാനും പവിത്രമായ പള്ളിയുടെ നടത്തിപ്പ് ചെലവുകള്‍ക്കും പാവപ്പെട്ട രക്ഷിതാക്കളുടെ കണ്ണീരു നനഞ്ഞ പണത്തിന്റെ പങ്ക് വേണ്ടെന്ന് മഹല്ലിനെകൊണ്ട് തീരുമാനമെടുപ്പിക്കാന്‍ കക്ഷിവ്യത്യാസങ്ങള്‍ മറന്ന് ശബ്ദിക്കാന്‍ മഹല്ലിലെ ചെറുപ്പക്കാര്‍ ധൈര്യം കാണിക്കണം. സ്ത്രീധന വിവാഹം നടത്തിക്കൊടുക്കാന്‍ വിവാഹ റെക്കോര്‍ഡും കക്ഷത്തിറുക്കി കുടവയറുഴിഞ്ഞ് വിവാഹ സദസ്സിലേക്ക് നടക്കുന്ന നാട്ടുപ്രമാണിമാരേയും മുതവല്ലിമാരേയും ‘ഊരുവിലക്കാന്‍’ ചെറുപ്പക്കാര്‍ ആരെ ഭയക്കണം?
---------------------------------------------------
* - അംറു ബില്‍ മഅ്‌റൂഫ് വ നഹ്‌യുന്‍ അനില്‍ മുന്‍കര്‍ = നന്മകല്പിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുക.
** - ഉലമാക്കള്‍ = പണ്ഡിതര്‍
*** - ഇമാം = പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നയാള്‍
**** - മുഅദ്ദിന്‍ = പള്ളിയില്‍ ബാങ്ക് (പ്രാര്‍ഥനാസമയമറിയിക്കാന്‍) വിളിക്കുന്നയാള്‍
