ഐ എസ് എം ദക്ഷിണകേരള ശില്പശാലയില് പങ്കെടുക്കാന്‍ കാഞ്ഞിരപ്പള്ളിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ, ചില സുഹൃത്തുക്കളോടൊപ്പം എറണാകുളത്തെ ഒരു വീട് സന്ദര്‍ശിക്കുകയുണ്ടായി. സുഹൃത്തുക്കളില്‍ ചിലരുടെ സുഹൃദ്ഗൃഹമാണെന്നേ ആദ്യം കരുതിയുള്ളൂ.
രോഗശയ്യയിലുള്ള ഒരു സഹോദരിയെ കാണാനാണവര്‍ അവിടെ ചെന്നത്. ഏതാണ്ട് മുപ്പത് വയസ്സ് തോന്നിക്കുന്ന മുസ്ലിം യുവതി.ഒരുവിധം കിടക്കയില്‍ ചാരിയിരിക്കുന്നു. ഇളകാന്‍ വയ്യ. രണ്ടുമൂന്നു പേരുടെ സഹായമില്ലാതെ ഈ അവസ്ഥയില്‍ ജീവിക്കാനാവില്ലെന്ന് ഉറപ്പാണ്. ഇടുപ്പെല്ലുകള്‍ ക്ഷയിച്ചുപോയി ശരീരം തളരുന്ന മാരക രോഗത്തിന്റെ ഇരയായിരുന്നു ആ സ്ത്രീ. ഇതിനിടെ നാലു ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. കോഴിക്കോട് ബേബി, എറണാകുളം ലേക്ഷോര് തുടങ്ങിയ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ. അടുത്ത ഒരു ശസ്ത്രക്രിയക്കുള്ള ഇടവേളയിലാണിപ്പോള്.
അവരുടെ മുഖത്ത് ദൈന്യമായ ഒരു പുഞ്ചിരിയുണ്ട്. കൃതാര്ഥതകൊണ്ട് നിറയുന്ന കണ്ണുകള്‍. “മോള്‍ക്ക് സുഖം തന്നെയല്ലേ” -അവര്‍ പതുക്കെ ചോദിച്ചു.
“അതെ, മകള്‍ സുഖമായിട്ടിരിക്കുന്നു. ധൈര്യമായിട്ടിരിക്കൂ” -എന്റെ സുഹൃത്ത് മറുപടി നല്കി.
തിരിച്ചുവരുമ്പോള്‍ കാറില്‍ നിന്നാണ് എന്റെ സുഹൃത്ത ആ ഹൃദയസ്പൃക്കായ കഥ പറഞ്ഞത്. ആ വീടുമായി ആ സഹോദരിക്ക് കുടുംബബന്ധമോ മറ്റു യാതൊരു ബന്ധമോ ഇല്ല. സഹോദരിയെ പരിചരിക്കുന്ന പ്രായമുള്ള സ്ത്രീയോ അവരുടെ മക്കളോ അവരുമായി മുന്‍പരിചയം പോലുമില്ലാത്തവരാണ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ശസ്ത്രക്രിയക്കു ശേഷം കോഴിക്കോട്ടുകാരിയായ ഈ സഹോദരിയെ തങ്ങള്‍ പരിചരിച്ചു കൊള്ളാമെന്നേറ്റ് അവര്‍ എറണാകുളത്തെ ആശുപത്രിയില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മാറ്റുകയായിരുന്നു.
കുറച്ചുകാലം മുമ്പു മാത്രമാണ് ആ സഹോദരി ഇസ്ലാം മതം സ്വീകരിച്ചത്. ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ഇസ്ലാം സ്വീകരിച്ച ശേഷം മതത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച് ഭക്തയായിട്ടായിരുന്നു ജീവിതം. എന്നാല്‍ മുസ്ലിമായ ഭര്‍ത്താവാകട്ടെ, തികച്ചും അധാര്‍മികമായാണ് കഴിഞ്ഞിരുന്നത്. മദ്യപാനം, പീഡനം, വഴികെട്ട പോക്ക് -കുറേ ഉപദേശിച്ച് നോക്കി., ക്ഷമിച്ചു. ഒടുവില്‍ ഭര്‍ത്താവിനെ വേര്‍പിരിഞ്ഞ് മകളെയും കൂട്ടി നഗരത്തിലെ ഒരിസ്ലാമിക സ്ഥാപനത്തില്‍ അഭയം തേടുകയായിരുന്നു. മതം മാറിയതിന്റെ പേരില്‍ കുടുംബക്കാര് കടുത്തശത്രുതയിലാണിപ്പോള്. ഭര്‍ത്താവില്ല, ബന്ധുക്കളില്ല, വീടില്ല, സ്വത്തില്ല. മുസ്ലിമായതിന്റെ പേരില്‍ ജോലിയില്‍ നിന്നു പോലും പിരിച്ചുവിടപ്പെട്ടു. അതിനിടെയാണ് ദൈവത്തില്‍നിന്നുള്ള അടുത്തപരീക്ഷണം; ഈ മാരക രോഗം.
പ്രസ്തുത ഇസ്ലാമിക സ്ഥാപനത്തിന്റെ നടത്തിപ്പുകാരിലൊരാളായ സുഹൃത്തിന്റെ വീട്ടിലാണ് അവരുടെ മക്കള്‍ ഇപ്പോള്‍ കഴിയുന്നത്. ആ മകളെ കുറിച്ചാണ് സഹോദരി തിരക്കിയതെന്ന് പിന്നീടാണ് മനസ്സിലായത്.
എറണാകുളത്തെ വീട്ടുകാരോട് എന്തെന്നില്ലാത്ത ബഹുമാനമാണ് തോന്നിയത്. അന്‍സ്വാരി വനിതകളുടെ ധീരമായ ചരിത്രമാണ് ഓര്‍മയിലെത്തിയത്. മതത്തിന്റെ പേരില്‍, മറ്റൊരു താത്പര്യവുമില്ലാതെ ഈ നിരാലംബയെ പരിചരിക്കാനുള്ള മനസ്സിന്റെ വലുപ്പം ഇക്കാലത്ത് വിശ്വസിക്കുക പ്രയാസം. “യൌവനത്തില്‍ ദൈവത്തിന് നിരക്കാത്ത ജീവിതമായിരുന്നു. ആ തെറ്റുകള്‍ തീരാന്‍ ഇത്തരമ്പരീക്ഷണങ്ങളിലൂടെ കടന്നുപോയേതീരൂ...” -രോഗിയായ സഹോദരിയുടെ വാക്കുകള്‍ അതിലേറെ കോരിത്തരിപ്പിക്കുന്നതായിരുന്നു.
ഇത് ഒറ്റപ്പെട്ട കേസ്സല്ല. ‘കനിവുള്ളവരേ.......’ എന്ന തലക്കെട്ടില്‍ ഓരോദിവസവും പത്രങ്ങളില്‍ എത്രയെത്ര അഭ്യര്‍ഥനകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനു പുറമെ, ആരുടെയും ശ്രദ്ധയില്‍ പെടാതെ ആരോരും സഹായിക്കാനില്ലാതെ ജീവിതത്തിന്റെ വെളിമ്പുറങ്ങളില്‍ വലിച്ചെറിയപ്പെടുന്ന എത്ര നിരാലംബരുണ്ട് സമൂഹത്തില്‍. സമൃദ്ധമായ ജീവിതമാസ്വദിക്കുന്ന നാം അവരെ ഓര്‍ക്കുന്നുപോലുമില്ലല്ലോ.
മറുനാടുകളില്‍ നിന്നും എത്തിപ്പെട്ടവരോ, തെരുവില്‍ നിന്ന് കണ്ടെടുക്കപ്പെട്ടവരോ, മതവിശ്വാസത്തിന്റെ പേരില്‍ സ്വന്തം വീട്ടില്‍ നിന്ന് ആട്ടിയിറക്കപ്പെട്ടവരോ ആയ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമൊക്കെ അഭയം യാചിച്ച് പലപ്പോഴായി ഇത്തരം സ്ഥാപനങ്ങളുടെ വാതിലില്‍ മുട്ടുന്നു. സ്ഥാപനങ്ങള്‍ക്ക് അതിനുള്ള ഫണ്ടില്ല, പരിചരിക്കാന്‍ ആളില്ല, ഏറ്റെടുക്കാന്‍ സ്വമനസ്സുള്ളവരില്ല. അവരില്‍ ചിലര്‍, ക്രൈസ്തവ മിഷണറികള്‍ നടത്തുന്ന അഭയാലയങ്ങളിലേക്കോ സര്‍ക്കാര്‍ വക അനാഥശാലകളിലേക്കോ നയിക്കപ്പെടുന്നു. ചിലര്‍ മതം മാറ്റപ്പെടുന്നു. ചിലര്‍ അധോലോകങ്ങളിലോ ചുവന്ന തെരുവുകളിലോ എത്തിച്ചേരുന്നു. കൊള്ള സംഘടനകളോ ലഹരി വില്പന കേന്ദ്രങ്ങളോ അവരെ ദത്തെടുക്കുന്നു.
ഇസ്ലാമിക സാഹോദര്യത്തെക്കുറിച്ചും മതത്തിന്റെ മനുഷ്യമുഖത്തെക്കുറിച്ചുമൊക്കെ ധീരഘോരം പ്രസംഗിക്കുന്ന പ്രബോധകരുടേയും പ്രവര്‍ത്തകരുടേയും കണ്ണൂതുറപ്പിക്കേണ്ട ഒരു സംഭവമാണ് മുകളില്‍ ഉദ്ധരിച്ചത്. നമ്മുടെ വീട്ടില്‍, നമ്മുടെ കുട്ടികള്‍ക്കൊപ്പം അവരുടെ പ്രായത്തിലുള്ള ഒരാളെ കൂടി വളര്‍ത്താന്‍ സാമ്പത്തിക ശേഷി അനുവദിക്കുന്നവരെങ്കിലും തയ്യാറാകുമോ? നമ്മുടെ മകളോ സഹോദരിയോ രോഗമൂര്‍ഛയില്‍ കഴിയുമ്പോള്‍ പരിചരിക്കുന്ന പോലെ ഒരനാഥയെ, നിരാലംബയെ ഏറ്റെടുത്ത് പരിചരിക്കാന്‍ നാം ഒരുക്കമാണോ? ഇത്തരം അഗതികളെ, അശരണരെ ഏറ്റെടുക്കാനും പുനരധിവസിപ്പിക്കാനും ഇസ്ലാമിക സംഘടനകളെ ധൈര്യപ്പെടുത്താനും സഹായഹസ്തങ്ങള്‍ നീട്ടാനും ധനശേഷിയുള്ളവര്‍ കരുണകാണിക്കുമോ? എന്റെ സുഹൃത്തിന്റെ ചോദ്യം ഞാന്‍ വായനക്കാര്‍ക്കു വേണ്ടി ആവര്‍ത്തിക്കട്ടെ.
2 Response to "ഇതൊരു സഹായാഭ്യര്‍ഥനയല്ല"
((((ഠിം))))
തേങ്ങാ പൊട്ടിച്ച് തമാശയാക്കാന്‍ പറ്റിയ വിഷയമല്ലെങ്കിലും ചെയ്യാതിരിക്കാന്‍ തോന്നിയില്ല!
ഇടക്ക് ടി.വി.യിലും പത്രത്തിലും കണ്ടിരുന്നു;ഒരു മിഷനറി സംഘം ഗുരുവായൂരമ്പലനടയില്‍ ഭജനമിരുന്ന വൃദ്ധരെ “പരിചരിക്കാന്‍“ പിടിച്ചുവലിച്ചുകൊണ്ടുപോകുന്നത്...
അവര്‍ ഇതുപോലുള്ള സേവനങ്ങള്‍ കണ്ടുപഠിക്കട്ടെ!!
നിസ്വാര്‍ത്ഥമായ സേവനമെന്തെന്ന് അവര്‍ക്ക് മനസ്സിലാവട്ടേ...!!
നന്ദി ഹരി:)
Post a Comment