തോറ്റുപോയവരെ ജയിപ്പിക്കാന്‍

കേരളം പരീക്ഷച്ചൂടിലേക്ക് കടന്നുകഴിഞ്ഞു. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, കോളജ് തലങ്ങളിലുള്ള പബ്ലിക് പരീക്ഷകള്‍ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. പത്രമാധ്യമങ്ങളും സന്നദ്ധ സംഘടനകളും സ്കൂള്‍ കേന്ദ്രീകരിച്ചുള്ള പരീക്ഷാ പരിശീലനപരിപാടികളും പ്രി എക്സാം കൌണ്‍സലിംഗുകളുമൊക്കെയായി രംഗത്തിറങ്ങിക്കഴിഞ്ഞു. പഞ്ചായത്തുകളുടെയും പി ടി എ കളുടെയും മറ്റും ആഭിമുഖ്യത്തില്‍ പ്രത്യേക കോച്ചിംഗ് നല്‍കുവാന്‍ വേണ്ടി സഹവാസ കേമ്പുകളും ആരംഭിച്ചുകഴിഞ്ഞു. ആകെമൊത്തം പരീക്ഷാമയമാണെന്ന് ചുരുക്കം.

പരീക്ഷാഭീമനെ തളയ്ക്കാന്‍ വേണ്ടി കുട്ടികളെ പിന്തുണയ്ക്കാനും സഹായിക്കാനും മാതാപിതാക്കളും സമൂഹവും സജീവമായി മുന്നിട്ടിറങ്ങുന്നത് കൊണ്ടും അടുത്തകാലത്ത് പരീക്ഷാസമീപനത്തിലും സമ്പ്രദായത്തിലും വന്ന മാറ്റങ്ങള്‍കൊണ്ടും പൊതുവില്‍ വിജയശതമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പരീക്ഷകളില്‍ മികച്ചവിജയം കൈവരിക്കുന്നവരുടെ പൊതുവിജ്ഞാനത്തിന്റെയും ശേഷികളുടെയുമൊക്കെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും പരീക്ഷയെയും പഠനത്തെയും ഗൌരവത്തിലെടുക്കാന്‍ സമൂഹമൊന്നാകെ മുന്നോട്ടുവരുന്നത് ചെറുതായി കാണേണ്ടതല്ല. മുസ്‌ലിം സമുദായവും ഈ പൊതുപ്രവണതയില്‍ നിന്നു പുറത്തല്ലെന്ന് സാമാന്യമായി പറയാം. എന്നാല്‍, ഇതര സമുദായങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യപിന്തുണ നല്‍കുന്ന കാര്യത്തില്‍ മുസ്‌ലിം സമുദായം പുറകിലാണെന്നാണ് കാണാന്‍ കഴിയുന്നത്. സമ്പന്നരുടെയും ഉയര്‍ന്ന ഇടത്തരക്കാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയുമൊക്കെ കുടുംബങ്ങള്‍ ഇതിന് അപവാദമാകാമെങ്കിലും.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും താണ ഇടത്തരക്കാരുമായ മുസ്‌ലിം കുടുംബങ്ങള്‍ കൂടുതല്‍ അധിവസിക്കുന്നത് മലബാര്‍ ജില്ലകളിലാണ്. ഗള്‍ഫ് പ്രവാസികളുടെ കുടുംബങ്ങളും ഏറ്റവും കൂടുതലുള്ളത് ഈ പ്രദേശങ്ങളില്‍ തന്നെ. പഠനത്തിലും പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം കുട്ടികളുടെ ഒരു കണക്കെടുത്താല്‍ അതില്‍ മഹാ ഭൂരിപക്ഷവും, നിര്‍ധനകുടുംബങ്ങളില്‍ നിന്നുള്ളവരോ, രക്ഷിതാക്കള്‍ വീട്ടിലില്ലാത്തവരോ ആണെന്ന് കണ്ടെത്താനാവും. സമുദായം ഗൌരവത്തോടെ പരിഗണിക്കേണ്ട കാര്യമാണിത്.

പരീക്ഷയില്‍ മികച്ച മാര്‍ക്കുനേടിയവരെ ആദരിക്കാനും അവാര്‍ഡുനല്‍കാനും സമുദായ സംഘടനകള്‍ ആവേശം കാണിക്കാറുണ്ട്. സമൂഹം എപ്പോഴും ജയിച്ചവരുടെ കൂടെയാണല്ലോ. എന്നാല്‍ പരീക്ഷ എഴുതുന്നവരില്‍ ഗണ്യമായ ഒരു വിഭാഗം തോറ്റുപോകുന്നുണ്ട്. അവര്‍ തോറ്റുപോകുന്നതെന്തുകൊണ്ടാണെന്നുകൂടി നാം ചിന്തിക്കേണ്ടതല്ലെ? യഥാര്‍ഥത്തില്‍ ജയിക്കുന്നവര്‍ പ്രോത്സാഹനമര്‍ഹിക്കുന്നപോലെ തന്നെ പ്രധാനമാണ് തോറ്റവര്‍ അനുകമ്പയര്‍ഹിക്കുന്നതും. മിക്കപ്പോഴും, അവര്‍ തോല്‍ക്കുകയല്ല; സാമൂഹ്യകാരണങ്ങളാല്‍ തോല്‍പ്പിക്കപ്പെടുകയാണെന്ന പൊള്ളുന്ന യാഥാര്‍ഥ്യം നാം ഓര്‍ക്കാതെ പോകുകയും ചെയ്യുന്നു.

ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റ് നേടാന്‍ അതിനുമാത്രം ബുദ്ധിവൈഭവമൊന്നും ആവശ്യമില്ലെന്ന് ആരും സമ്മതിക്കും. എന്നിട്ടും കുട്ടികള്‍ തോറ്റുപോകുന്നത്, കുടുംബത്തിലെ പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ടാണ്. ചേരിപ്രദേശങ്ങളിലും കടലോരങ്ങളിലും പാര്‍ക്കുന്ന കുട്ടികള്‍ക്ക് ശ്രദ്ധിച്ചുപഠിക്കാനും വായിക്കാനുമുള്ള അന്തരീക്ഷം വീട്ടില്‍ അസാധ്യമായിരിക്കും. ഒഴിവുദിവസങ്ങളില്‍ തൊഴിലെടുത്ത് ജീവിത മാര്‍ഗം കണ്ടെത്തുന്ന വിദ്യാര്‍ഥികളും കുറച്ചല്ല ഉള്ളത്. നിത്യതൊഴിലിലേര്‍പ്പെടുന്നവര്‍, പരമ്പരാഗത കൂലിവേലക്കാര്‍ തുടങ്ങിയ ദരിദ്രകുടുംബങ്ങളിലെ മുതിര്‍ന്നവര്‍ക്ക്, കുട്ടികളുടെ പഠനകാര്യത്തില്‍ സഹായിക്കാനുള്ള സന്ദര്‍ഭമോ സൌകര്യമോ കിട്ടണമെന്നില്ല. മുസ്‌ലിം സമുദായത്തിലെ പരാജിതരില്‍ മറ്റൊരു വിഭാഗം കുട്ടികള്‍ അതിസമ്പന്ന കുടുംബങ്ങളില്‍ പെട്ടവരാണ്. ആവശ്യത്തില്‍ കവിഞ്ഞ് പണവും സൌകര്യങ്ങളും ചെറുപ്പം മുതല്‍ ആസ്വദിക്കുകയും അമിതസ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തതിന്റെ ഫലമായി ‘പരിധിക്കുപുറത്തു’ പോകുന്നവര്‍! സത്യത്തില്‍ ആ കുട്ടികള്‍ വഴിവിട്ട് സഞ്ചരിക്കുന്നതിനു പിന്നില്‍ കുടുംബത്തിനും സമൂഹത്തിനും ഒരു പങ്കുമില്ലെന്ന് പറയാനാവുമോ?

ഇവിടെയാണ് സാമൂഹ്യ സംഘടനകളും പ്രവര്‍ത്തകരും ഉണരേണ്ടത്. ഓരോ പ്രദേശത്തും പരീക്ഷയുടെ മുന്നോടിയായി രക്ഷിതാക്കളുടെ യോഗം വിളിച്ചുചേര്‍ത്ത് വിദ്യാര്‍ഥികളുടെ പഠനകാര്യങ്ങളെ സംബന്ധിച്ച് ബോധവത്കരിക്കണം. പരീക്ഷ വിജയിക്കേണ്ടതിന്റെ പ്രാധാന്യവും അതിനു വീട്ടില്‍ നല്‍കേണ്ട ശ്രദ്ധയും പിന്‍‌തുണയുമൊക്കെ ഇത്തരം യോഗങ്ങളില്‍ വിശദീകരിക്കപ്പെടണം. മാതാക്കളുടെ സാന്നിധ്യം ഇത്തരം യോഗങ്ങളില്‍ ഉറപ്പുവരുത്തണം. ഈ യോഗത്തിന്റെ തീരുമാനമായി, പഠനത്തില്‍ മേല്‍നോട്ടം വഹിക്കാനുള്ള പ്രത്യേക പ്രാദേശിക സമിതി രൂപീകരിക്കാം. ഇത്തരം സമിതികള്‍ ഗൃഹസന്ദര്‍ശനം നടത്തുകയും കുട്ടികളുമായി ബന്ധപ്പെട്ട്, ആവശ്യമായ റഫറന്‍സും മറ്റു സൌകര്യങ്ങളും ലഭ്യമാക്കുകയും പ്രയാസമുള്ള വിഷയങ്ങളില്‍ കോച്ചിംഗ് ഏര്‍പ്പെടുത്തുകയുമൊക്കെയാകാം. സാധ്യമെങ്കില്‍ പ്രദേശത്തെ പള്ളിയും മദ്‌റസയും മറ്റു സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പഠനസഹവാസ കേമ്പുകള്‍ ആലോചിക്കാവുന്നതാണ്. നാട്ടുകാരില്‍ നിന്ന് സഹായധനം സ്വീകരിച്ചോ സ്പോണ്‍സര്‍ഷിപ്പ് വഴിയോ ചെറിയഫീസ് ചുമത്തിയോ അതിന്റെ ഫണ്ടും സമാഹരിക്കാവുന്നതേയുള്ളൂ.

ചേരിപ്രദേശങ്ങളിലും കടലോരങ്ങളിലും അതുപോലെയുള്ള ദരിദ്രമേഖലകളിലും സാമൂഹ്യസംഘടനകള്‍ നേരിട്ട് മുന്‍‌കയ്യെടുത്ത്, അവിടുത്തെ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് സജ്ജമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. വിശക്കുന്നവന് ആദ്യം വേണ്ടത് ഭക്ഷണമാണല്ലോ. അത് പരിഗണിക്കാതെ കോച്ചിംഗ്ക്ലാസുകള്‍ സംഘടിപ്പിച്ചാല്‍ വിജയിക്കുകയില്ല.

സാമര്‍ഥ്യവും ശേഷിയുമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ ലഭിച്ചില്ലെങ്കിലും, അവര്‍ ഉയരങ്ങള്‍ കീഴടക്കികൊള്ളും. പണക്കാരുടെ മക്കള്‍ക്ക് വേണ്ടത്ര പ്രഫഷണല്‍ കോച്ചിംഗ് സെന്ററുകള്‍ നാട്ടിലുണ്ട്. അതിലൊന്നും എത്തിപ്പെടാത്ത, സര്‍ക്കാര്‍ സ്കൂളുകളില്‍ പോലും ‘വൃത്തികെട്ട കുട്ടികള്‍’ എന്ന് മുദ്രകുത്തപ്പെട്ട പാവങ്ങളെ പിന്‍‌തുണയ്ക്കാനും സഹായിക്കാനുമാണ് സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ശ്രദ്ധവെയ്ക്കേണ്ടത്. ഇസ്‌ലാമിക സംഘടനകളെങ്കിലും വരേണ്യവിഭാഗങ്ങളെ മാത്രം കേന്ദ്രീകരിക്കുന്നതില്‍ നിന്ന് മാറി, അശരണരെ ഏറ്റെടുക്കാന്‍ ഇറങ്ങിച്ചെല്ലണം.

8 Response to "തോറ്റുപോയവരെ ജയിപ്പിക്കാന്‍"

gravatar
Malayali Peringode Says:

തോറ്റുപോയവരെ ജയിപ്പിക്കാന്‍

ജയിക്കുന്നവര്‍ പ്രോത്സാഹനമര്‍ഹിക്കുന്നപോലെ
തന്നെ പ്രധാനമാണ് തോറ്റവര്‍ അനുകമ്പയര്‍ഹിക്കുന്നതും.
മിക്കപ്പോഴും, അവര്‍ തോല്‍ക്കുകയല്ല;
സാമൂഹ്യകാരണങ്ങളാല്‍ തോല്‍പ്പിക്കപ്പെടുകയാണെന്ന
പൊള്ളുന്ന യാഥാര്‍ഥ്യം നാം ഓര്‍ക്കാതെ പോകുകയും ചെയ്യുന്നു.

gravatar
G.MANU Says:

ദില്ലിയില്‍ പരീക്ഷ/റിസള്‍ട്ട് ഭീതിയില്‍ പ്രതിവര്‍ഷം നാലഞ്ചു കുട്ടികള്‍ ആത്മഹത്യചെയ്യാറുണ്ട്..

gravatar
മിന്നാമിനുങ്ങുകള്‍ //സജി.!! Says:

മനുഭായ് പറഞ്ഞത് വളരെ ശരിയാ മാഷെ ഞാനും കേട്ടിട്ടുണ്ട്.മിക്കപ്പോഴും, അവര്‍ തോല്‍ക്കുകയല്ല;
സാമൂഹ്യകാരണങ്ങളാല്‍ തോല്‍പ്പിക്കപ്പെടുകയാണെന്ന
പൊള്ളുന്ന യാഥാര്‍ഥ്യം നാം ഓര്‍ക്കാതെ പോകുകയും ചെയ്യുന്നു.

gravatar
Anonymous Says:

സത്യം പലപ്പോഴും ആളുകള്‍ പറയാന്‍ മടിക്കുന്നു.

gravatar
siva // ശിവ Says:

നല്ല ലേഖനം....

സസ്നേഹം,
ശിവ.

gravatar
ചിതല്‍ Says:

“തോറ്റുപോയവരെ ജയിപ്പിക്കാന്‍”
നല്ല ലേഖനം.

gravatar
കുഞ്ഞന്‍ Says:

കാര്യപ്രസക്തിയുള്ള സത്തുള്ള പോസ്റ്റ്.

എനിക്കു തോന്നുന്നത്, ഇത് മാതാപിതാക്കള്‍ക്കു തീരെ വിദ്യഭ്യാസം കുറവാകുന്നതിന്റെ പരിണത ഫലമാണെന്നാണ്.എല്ലാ വിഭാഗങ്ങളിലും, ജാതി ഭേദമന്യേ, നിരക്ഷരരുടെ കുഞ്ഞുങ്ങള്‍ പ്രാഥമിക വിദ്യഭ്യാസം കഴിയുമ്പോഴേക്കും പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ വീട്ടിലെ അരിക്ഷിതാവസ്ഥമൂലം പഠനം ഉപേക്ഷിച്ചു തൊഴിലില്‍ ഏര്‍പ്പെടുകയാണ്.

gravatar
Anonymous Says:

Dear Emme...Salam..

I am very pleasure to seems ur best effort. "Kirukkattam: ws good-1.if our country going like this, nothing 2make our future..Probably v can change this tendency..am sure..

Regards
Shareef Sharjah