താലിബാനിസവും സര്‍ക്കോസിസവുംഫ്രാന്‍സില്‍ വീണ്ടും പര്‍ദനിരോധനത്തിനുള്ള നീക്കം ശക്തമാവുകയണ്‌. 2004ല്‍ സ്‌കൂളുകളില്‍ ശിരോവസ്‌ത്രം നിരോധിച്ചതു മുതല്‍ ആരംഭിച്ച വിവാദം കെട്ടടങ്ങാതെ തുടരുകയായിരുന്നു. 2006 ഒക്‌ടോബറില്‍ ഫ്രാന്‍സ്‌ ആഭ്യന്തര സെക്രട്ടറിയായിരുന്ന ജാക്‌ സ്‌ട്രോ രാജ്യത്ത്‌ പര്‍ദ നിരോധിക്കണമെന്ന്‌ ശക്തിയായി വാദിച്ചിരുന്നു. അതേറ്റുപിടിച്ച്‌ അന്നത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണി ബ്ലെയറും അന്നത്തെ ചാന്‍സലറും ഇപ്പോഴത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുമായ ഗോര്‍ഡന്‍ ബ്രൗണും പര്‍ദയ്‌ക്കെതിരെ രംഗത്തുവരികയുണ്ടായി. ഇപ്പോള്‍ ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിയാണ്‌ ഒരിക്കല്‍ കൂടി പര്‍ദ നിരോധിക്കാന്‍ രംഗത്തുവന്നിരിക്കുന്നത്‌.

സര്‍ക്കോസിയുടെ പാര്‍ലമെന്റിലെ കടുത്ത കമ്യൂണിസ്റ്റായ ഒരംഗമാണ്‌ രാജ്യത്ത്‌ മുഖാവരണ മൂടുപടം നിയമം മൂലം നിരോധിക്കാനുള്ള ബില്ല്‌ സമര്‍പ്പിച്ചിട്ടുള്ളത്‌. അറുപത്‌ അംഗങ്ങളുടെ പൂര്‍ണ പിന്തുണയും അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌. എന്നാല്‍ ഫ്രാന്‍സ്‌ പാര്‍ലമെന്റിലെ വലിയൊരു വിഭാഗം ഈ നീക്കത്തെ അംഗീകരിക്കുന്നില്ലെന്നത്‌ ആശ്വാസകരമാണ്‌. പശ്ചിമ യൂറോപ്പില്‍ മുസ്‌ലിം സാന്ദ്രതയുള്ള രാജ്യങ്ങളില്‍ പ്രധാനമാണ്‌ ഫ്രാന്‍സ്‌. ഇവിടെ അമ്പത്‌ ലക്ഷം മുസ്‌ലിംകളുണ്ട്‌. എന്നാല്‍ 577 അംഗ ഫ്രഞ്ച്‌ പാര്‍ലമെന്റില്‍ പേരിനു പോലും ഒരു മുസ്‌ലിമില്ലെന്നത്‌ മറ്റൊരു കാര്യം.

അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ കെയ്‌റോയില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കോസിയെ വിമര്‍ശിക്കുകയുണ്ടായി. മുസ്‌ലിംകളുടെ സത്വബോധത്തെ അംഗീകരിക്കാന്‍ പശ്ചാത്യ സമൂഹം കാണിക്കുന്ന വൈമുഖ്യത്തെ അദ്ദേഹം ശരവ്യമാക്കി. ബഹുസ്വരമായ ഒരു ലോകത്ത്‌ ജീവിക്കുമ്പോള്‍, സാംസ്‌കാരിക ബഹുത്വം ഒരു യാഥാര്‍ഥ്യമായി ഉള്‍ക്കൊള്ളാനാണ്‌ ഒബാമ ആഹ്വാനംചെയ്‌തത്‌. സര്‍ക്കോസിയും ഫ്രാന്‍സിലെ തീവ്ര സെക്യുലറിസ്റ്റുകളും പര്‍ദയെ കേവലം ഒരു വേഷപ്രശ്‌നമായല്ല കാണുന്നത്‌; പൗരത്വപ്രശ്‌നമായാണ്‌. തുല്യപൗരത്വം വിഭാവന ചെയ്യുന്ന ഫ്രാന്‍സ്‌ സമൂഹത്തില്‍ സ്‌ത്രീകളെ `തടവറ'യിലാക്കുന്ന സംസ്‌കാരം അനുവദിക്കില്ലെന്നാണ്‌ സര്‍ക്കോസി പറഞ്ഞത്‌. മുഖാവരണം സ്‌ത്രീകളുടെ വ്യക്തിത്വത്തെ അപമാനിക്കുമെന്നും സ്‌ത്രീ സ്വാതന്ത്ര്യത്തെ അപഹരിക്കുമെന്നും അവര്‍ വാദിക്കുന്നു. പുരുഷന്മാരായ ഭര്‍ത്താക്കളും ബന്ധുക്കളും സ്‌ത്രീകളില്‍ പര്‍ദ അടിച്ചേല്‌പിക്കുകയാണെന്നും അതവരുടെ നിര്‍ണയ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും പര്‍ദാനിരോധത്തെ അനുകൂലിക്കുന്ന ഫ്രാന്‍സിലെ തീവ്ര സെക്യുലറിസ്റ്റുകള്‍ വാദിക്കുന്നു.

ശിരോവസ്‌ത്ര നിരോധത്തെ എതിര്‍ക്കുന്ന ഫ്രാന്‍സിലും തുര്‍ക്കിയിലുമുള്ള മുസ്‌ലിംകള്‍ പര്‍ദ നിരോധിക്കുന്നതാണ്‌ സ്വാതന്ത്ര്യനിഷേധമെന്ന്‌ തിരിച്ചും വാദിക്കുന്നു. നിയമനിര്‍മാണത്തിനെതിരെ അവിടെ നടക്കുന്ന മാര്‍ച്ചില്‍, സ്‌ത്രീകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം പര്‍ദ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും ആത്മീയ ഔന്നത്യത്തിന്റെയും പ്രതീകമാണെന്ന്‌ ഉറക്കെപ്പറയുന്നു. എന്നാല്‍ ഉദാരസ്വാതന്ത്ര്യം വിഭാവനചെയ്യുന്ന ഫ്രാന്‍സിന്റെ മണ്ണില്‍ ഇതനുവദിക്കില്ലെന്ന ധാര്‍ഷ്‌ഠ്യമാണ്‌ എതിരാളികളുടേത്‌.

ഇസ്‌ലാം പ്രാകൃതവും അതിന്റെ ആചാരാനുഷ്‌ഠാനങ്ങള്‍ പഴഞ്ചനുമാണെന്ന പാശ്ചാത്യ തീവ്രവാദികളുടെ പൊതുബോധമാണ്‌ സര്‍ക്കോസിയുടെ വാക്കുകളില്‍ തെളിയുന്നത്‌. ആധുനികജീവിതത്തിന്റെ മൂല്യങ്ങളായ സ്വാതന്ത്ര്യവും സമത്വവുമായി ഇസ്‌ലാം സഹവര്‍ത്തിക്കുകയില്ലെന്ന മുന്‍വിധിയാണ്‌ `മതേതര മൗലികവാദികള്‍' അനുവര്‍ത്തിക്കുന്നത്‌. സമൂഹം ആധുനികവത്‌കരിക്കപ്പെടണമെങ്കില്‍ മതരഹിത സെക്യുലര്‍ മൂല്യങ്ങള്‍ സ്വീകരിക്കുകയും മതാത്മക ജീവിതരീതി കയ്യൊഴിയുകയും ചെയ്യേണ്ടത്‌ അനിവാര്യമാണെന്ന്‌ അവര്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇസ്‌ലാമിക സത്വത്തില്‍ അഭിമാനിച്ചുകൊണ്ട്‌, അത്‌ പൂര്‍ണമായി സ്വീകരിച്ചുകൊണ്ടു തന്നെ ആധുനിക ബഹുസ്വരസമൂഹത്തില്‍ അന്തസ്സായി ജീവിക്കാമെന്ന്‌ തെളിയിക്കുന്ന യൂറോപ്പിലെയും അമേരിക്കയിലെയും കുടിയേറ്റ മുസ്‌ലിംകളെ അവര്‍ ബോധപൂര്‍വം വിസ്‌മരിക്കുകയാണ്‌.

ഫ്രാന്‍സില്‍ പര്‍ദ വിവാദം ചൂടുപിടിക്കുമ്പോള്‍, പാകിസ്‌താനിലെ സ്വാത്‌ താഴ്വരയില്‍ താലിബാന്‍ ശരീഅത്ത്‌ നടപ്പാക്കുന്നതിന്റെ പേരിലുള്ള മറ്റൊരു വിവാദം മാധ്യമങ്ങളിലുണ്ട്‌. താലിബാന്‍ പര്‍ദ അടിച്ചേല്‌പിക്കുന്നത്‌ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ രഹിതവുമാണെന്നാണ്‌ അതേക്കുറിച്ചുള്ള പാശ്ചാത്യരുടെ പ്രതികരണം.

താലിബാന്‍ മുല്ലമാര്‍ പര്‍ദ അടിച്ചേല്‌പിച്ചാല്‍ അത്‌ ജനാധിപത്യ വിരുദ്ധവും ഫ്രാന്‍സിലെ `സെക്യുലര്‍ മുല്ലമാര്‍' പര്‍ദാനിരോധം അടിച്ചേല്‌പിച്ചാല്‍ അത്‌ ജനാധിപത്യവുമാകുന്ന യുക്തി അപാരം തന്നെ!

No Response to "താലിബാനിസവും സര്‍ക്കോസിസവും"