‘സംഘടിപ്പിച്ച്‌ സംസ്‌കരിക്കുക’


ഐ എസ്‌ എം, എം എസ്‌ എം, എം ജി എം തുടങ്ങിയ പ്രസ്ഥാന ഘടകങ്ങള്‍ 2010ല്‍ ആരംഭിക്കുന്ന പുതിയ ടേമിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പ്രക്രിയ ആരംഭിച്ച ഘട്ടമാണിത്‌. ഒരു സംഘടനയുടെ കരുത്തും ശേഷിയും നിര്‍ണയിക്കപ്പെടുന്ന പ്രാഥമിക ഘട്ടമാണ്‌ തെരഞ്ഞെടുപ്പ്‌. സംഘടനാ ചട്ടങ്ങളനുസരിച്ചുള്ള കൃത്യമായ മാര്‍ഗനിര്‍ദേശ വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ ജനാധിപത്യമര്യാദകള്‍ പാലിച്ചുകൊണ്ടാണ്‌ പ്രസ്ഥാന ഘടകങ്ങളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്‌. `മതേതര ജനാധിപത്യ'ത്തിന്റെ ലേബലുള്ള പല രാഷ്‌ട്രീയ സാമൂഹ്യസംഘടനകളിലും ടാലന്റ്‌ ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തിയോ, മുകളില്‍ നിന്നുള്ള നാമനിര്‍ദേശമനുസരിച്ചോ `തെരഞ്ഞെടുപ്പു' നടത്തുന്ന ഇക്കാലത്ത്‌ പ്രവര്‍ത്തകരുടെ പൂര്‍ണ സമ്മതിപ്രകാരമുള്ള തെരഞ്ഞെടുപ്പ്‌ സംവിധാനം ചെറിയകാര്യമല്ല.


തെരഞ്ഞെടുപ്പിലൂടെ സംഘടനയുടെ അസ്‌തിവാരമാണ്‌ പണിയുന്നത്‌. വരും ടേമിലെ പ്രവര്‍ത്തന പദ്ധതികളുടെ ജയപരാജയങ്ങള്‍ ഈ അസ്‌തിവാരത്തിന്റെ ഉറപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്‌. ഈ അസ്‌തിവാരം ദുര്‍ബലമാണെങ്കില്‍, അതിനുമുകളില്‍ സംഘടനാ നിര്‍മാണം സാധ്യമല്ല. മാത്രമല്ല, സംഘടനയുടെ മൊത്തം മനുഷ്യവിഭവശേഷിയുടെ സമാഹരണം കൂടിയാണ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ. പുതിയ ഒട്ടേറെ പ്രവര്‍ത്തകര്‍ അംഗങ്ങളായി സംഘടനയില്‍ കടന്നുവരുന്നതും പുതിയ ശാഖാ, മണ്ഡലം ഘടകങ്ങള്‍ നിലവില്‍ വരുന്നതുമെല്ലാം ഈ പ്രക്രിയയിലൂടെയാണ്‌.

താഴെ തട്ടുമുതല്‍ തെരഞ്ഞെടുപ്പു പ്രക്രിയയുടെ ചുക്കാന്‍ പിടിക്കുന്നവരും മുഖ്യ പ്രവര്‍ത്തകരും തികഞ്ഞ ഗൗരവവും ദീര്‍ഘവീക്ഷണവും കൈവിടാതെ ജാഗ്രത കൈക്കൊള്ളേണ്ട സന്ദര്‍ഭമാണിത്‌. അടിസ്ഥാന ഘടകങ്ങളിലാണ്‌ ഏറെശ്രദ്ധ ആവശ്യം. നിലവിലുള്ള പ്രവര്‍ത്തകരുടെ പേരു വിവരം ഒരു കടലാസില്‍ പകര്‍ത്തുന്നതല്ല മെമ്പര്‍ഷിപ്പ്‌ കാമ്പയ്‌ന്‍. സംഘടനയോട്‌ താല്‌പര്യവും അനുഭാവവുമുള്ള പുതിയ ആളുകളുമായി ആശയവിനിമയം നടത്തുകയും പ്രസ്ഥാനത്തെ പരിചയപ്പെടുത്തുകയും തല്‌പരരെ അംഗങ്ങളാക്കുകയും ചെയ്യുന്ന പരിപാടിയാണിത്‌. നാട്ടിലെ ഓരോരുത്തരെയും കുറിച്ച്‌ നേരത്തെ ഒരു മുന്‍വിധി കല്‍പിച്ചുവെച്ചിട്ടുള്ളതുകൊണ്ട്‌ പുതിയ ആളുകളെ തേടിച്ചെല്ലുന്ന രീതി ഏറെക്കുറെ സംഘടനാ പ്രവര്‍ത്തകര്‍ കയ്യൊഴിഞ്ഞ മട്ടാണ്‌. എന്നാല്‍, യാതൊരു മതസംഘടനയിലും അംഗമാകാത്തവരാണ്‌ കേരളത്തിലെ മുസ്‌ലിം യുവജനങ്ങളില്‍ കൂടുതലുമെന്നതാണ്‌ വാസ്‌തവം.

സംഘടനയില്‍ അംഗമാക്കുന്നതു സംബന്ധിച്ച്‌ വിവിധ സംഘടനകള്‍ക്ക്‌ വിവിധ നയമാണ്‌. `സംസ്‌കരിച്ച്‌ സംഘടിപ്പിക്കുന്ന'വരും `സംഘടിപ്പിച്ച്‌ സംസ്‌കരിക്കുന്ന'വരുമുണ്ട്‌. കുറേക്കൂടി ഉദാരമായ നയം രണ്ടാമത്തേതാണ്‌. സംസ്‌കരിക്കപ്പെട്ട വിശുദ്ധരുടെ ആലയമെന്നതിനേക്കാള്‍ സംസ്‌കരിക്കാനുള്ള യന്ത്രമാണല്ലോ സംഘടന. ഇസ്‌ലാമിക താല്‍പര്യവും സംഘടനയുടെ ആദര്‍ശ നയപരിപാടികളുമായി യോജിപ്പുമുള്ളവരെ നിര്‍ലോപം അംഗങ്ങളാക്കുകയാണ്‌ വേണ്ടത്‌. അകറ്റുകയല്ല; അടുപ്പിക്കുകയാണ്‌ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട സമീപനം.

അവസാനിക്കുന്ന ടേമിലെ സംഘടനാ അനുഭവങ്ങള്‍, പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനു മുമ്പായി വിശകലനംചെയ്യപ്പെടണം. ഏതെങ്കിലും ഘടകങ്ങളില്‍ സംഘടനായന്ത്രം മന്ദീഭവിക്കുകയോ നിശ്ചലമാകുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി മിക്കവാറും ആ ഘടകത്തിന്റെ ഭാരവാഹികള്‍ തന്നെയായിരിക്കുമല്ലോ. സ്വന്തം കഴിവുകേട്‌ മൂന്നുകൊല്ലം കൊണ്ട്‌ സംശയരഹിതമായി തെളിയിച്ചിരിക്കുന്നവരെ ഒരിക്കല്‍ കൂടി ഭാരവാഹികളാക്കി `ആദരിക്കുന്നത്‌' സംഘടനയോട്‌ ചെയ്യുന്ന അപരാധം മാത്രമല്ല, ആ വ്യക്തികളെകൂടി കുറ്റവാളികളാക്കുന്നതിനു തുല്യമായിരിക്കും. ഇക്കാലമത്രയും ഒരു യോഗമിനുട്‌സില്‍ പോലും ഒപ്പുവെക്കാന്‍ `സമയം കിട്ടിയിട്ടില്ലാത്ത' ബഹുമാന്യ നേതാക്കളെ ഒഴിവാക്കിക്കൊടുക്കുന്ന കാര്യത്തില്‍ എന്തിനു ദാക്ഷിണ്യം കാണിക്കണം?

ഇസ്‌ലാമിക നിഷ്‌ഠ, ആദര്‍ശബോധം, സമര്‍പ്പണ സന്നദ്ധത, ആത്മാര്‍ഥത തുടങ്ങിയ മൂല്യങ്ങളോടൊപ്പം കര്‍മകുശലതയും ഉള്‍ക്കാഴ്‌ചയും ദീര്‍ഘവീക്ഷണവും നയചാതുരിയും ഭാവനാസമ്പത്തുമൊക്കെ പരിഗണിക്കപ്പെടണം. തര്‍ബിയത്ത്‌ രംഗത്ത്‌ ഉന്നത നിലവാരമുള്ളവര്‍ സംഘടനക്ക്‌ അനിവാര്യമാണ്‌. അതോടൊപ്പം, ഭിന്ന മേഖലകളില്‍ കഴിവും പ്രാപ്‌തിയുമുള്ള പ്രതിഭാധനരും സംഘടനയുടെ മുന്നേറ്റത്തില്‍ അതീവ പ്രധാനമാണ്‌. ശേഷികളുടെ വൈവിധ്യം സമഞ്‌ജസമായി മേളിക്കുമ്പോഴാണ്‌ സംഘടനാരംഗം ഊര്‍ജസ്വലവും ഊഷ്‌മളവുമായിത്തീരുക. ഇതൊക്കെ ഒത്തുവന്നാല്‍പോലും പ്രവര്‍ത്തിക്കാനുള്ള സൗകര്യവും സാഹചര്യവുമില്ലെങ്കിലോ? കുടുംബം, ജോലി, പഠനം, അനാരോഗ്യം തുടങ്ങിയ ഒട്ടേറെ പരിമിതികള്‍ അലട്ടുന്ന, തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നവരെ ഉത്തരവാദിത്വങ്ങള്‍ അടിച്ചേല്‌പിക്കാന്‍ ശ്രമിക്കരുത്‌. പ്രാപ്‌തിയും സാധ്യതയുമുള്ള ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ നമുക്കുണ്ട്‌. അവരെ കണ്ടെത്തുകയും `തെരഞ്ഞെടുക്കുകയും' ചെയ്യുക എന്നതാണ്‌ സംഘടനാ തന്ത്രജ്ഞത. ശരിയായ ഹോം വര്‍ക്കുണ്ടെങ്കില്‍ ഈ വെല്ലുവിളിയെ സമര്‍ഥമായി അതിജീവിക്കാനാവും.

No Response to "‘സംഘടിപ്പിച്ച്‌ സംസ്‌കരിക്കുക’"