വൈകല്യം ഒരു കുറ്റമാണോ?




സമൂഹത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗം പലവിധ വൈകല്യങ്ങളാല്‍ പ്രയാസപ്പെടുന്നവരാണ്‌. മറ്റുള്ളവരുടെ പിന്തുണയില്ലാതെ ഇവര്‍ക്ക്‌ ജീവിക്കുക ക്ലേശകരമായിരിക്കും. അവര്‍ മാത്രമല്ല, അവരുടെ മാതാപിതാക്കളും കുടുംബവുമൊക്കെ അവര്‍ക്കുവേണ്ടി കുറെയേറെ സഹിക്കേണ്ടിവരും. പ്രായത്തിനനുസരിച്ച വളര്‍ച്ചയില്ലാത്തതിനാല്‍ യൗവ്വനം പിന്നിട്ടിട്ടും മാതാപിതാക്കള്‍ അവരെ കൊച്ചുകുഞ്ഞുങ്ങളെപ്പോലെ ഒക്കത്ത്‌ കൊണ്ടുനടക്കേണ്ട സ്ഥിതിയൊന്നോര്‍ത്തു നോക്കൂ. അവര്‍ കിടന്ന കിടപ്പില്‍ തന്നെ കാലം കഴിക്കുന്നു. സംസാരിക്കാനോ പ്രതികരിക്കാന്‍ പോലുമോ ശേഷിയില്ലാത്തവര്‍ ഇക്കൂട്ടത്തിലുണ്ട്‌. കിടക്കയില്‍ തന്നെ മലമൂത്രവിസര്‍ജനം പോലും നടത്തുന്നവര്‍. ശാരീരിക വളര്‍ച്ചയുണ്ടെങ്കിലും ബുദ്ധി വളര്‍ച്ചയില്ലാത്ത മറ്റൊരു വിഭാഗമുണ്ട്‌. ഇരുപതും ഇരുപത്തഞ്ചും വയസ്സായിട്ടും മൂന്നു വയസ്സുകാരന്റെ ബുദ്ധി വളര്‍ച്ചയുള്ളവര്‍. മന്ദബുദ്ധിയുള്ളവരെക്കാള്‍ വിഷമസ്ഥിതിയിലാണ്‌ ബുദ്ധിഭ്രമം സംഭവിച്ചവര്‍. വീട്ടിലും തൊടിയിലുമൊക്കെ ഇഴജന്തുക്കളെപ്പോലെ ഇഴഞ്ഞു ജീവിക്കുന്നവര്‍! ഒരു മാതാവിന്‌ ജീവിതാന്ത്യം വരെ കണ്ണീരു കുടിക്കാന്‍ ഇതില്‍പരം എന്തുവേണം?

പക്ഷേ, വാര്‍ത്തകളിലും അനുഭവത്തിലും ഇത്തരം ചില ദൃശ്യങ്ങള്‍ കാണുമ്പോള്‍ മാത്രമേ നമുക്ക്‌ ഇങ്ങനെയൊരു വിഭാഗത്തെക്കുറിച്ച്‌ തന്നെ ഓര്‍മവരൂ. അതും വളരെ നിസ്സംഗമായി. യാതൊരു വൈകല്യവുമില്ലാത്ത പ്രകൃതത്തില്‍ നമ്മെ സൃഷ്‌ടിക്കുകയും നല്ല സന്താനങ്ങളെ പ്രദാനംചെയ്യുകയും ചെയ്‌ത സ്രഷ്‌ടാവിനെ സ്‌തുതിക്കാന്‍ പോലും നമുക്ക്‌ ആ കാഴ്‌ചകള്‍ പ്രചോദനമാകുന്നില്ലെങ്കില്‍, അത്തരം സഹോദരങ്ങളെ സഹായിക്കാന്‍ നമുക്കെങ്ങനെ മനസ്സുവരും?

ഇരുപത്‌ വയസ്സുള്ള, ബുദ്ധിവളര്‍ച്ചയില്ലാത്ത, ശരീരം ശോഷിച്ച ഒരു ആണ്‍കുട്ടിയെ വീട്ടില്‍ കെട്ടിയിട്ട്‌ വളര്‍ത്തുന്ന ഒരു ഉമ്മയെക്കുറിച്ച്‌ ഈയിടെ ഒരു പത്രറിപ്പോര്‍ട്ട്‌ വായിച്ചിരുന്നു. ആദ്യവായനയില്‍ ആ ഉമ്മയുടെ മനുഷ്യത്വരാഹിത്യത്തെക്കുറിച്ച്‌ നമുക്ക്‌ അറപ്പ്‌ തോന്നും. എന്നാല്‍ ആ സ്‌ത്രീ മനം നൊന്തുനീറിക്കൊണ്ട്‌ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതയായിരുന്നു. ഭര്‍ത്താവ്‌ ഉപേക്ഷിച്ചുപോയ അവര്‍ക്ക്‌ കുടുംബം പുലര്‍ത്താനും ഈ മകന്‌ മരുന്നും ആഹാരവും നല്‌കാനും നിത്യത്തൊഴിലെടുക്കാതെ നിര്‍വാഹമില്ല. കെട്ടിയിട്ടില്ലെങ്കില്‍ അവന്‍ എവിടെയൊക്കെ പോകുമെന്നോ എന്തൊക്കെ ചെയ്യുമെന്നോ ഊഹിക്കാനാവില്ല. പിന്നെ പട്ടിയെപ്പോലെ കെട്ടിയിടുകയല്ലാതെ എന്തുചെയ്യും?

സമൂഹത്തില്‍ വൈകല്യംകൊണ്ടും അനാഥത്വംകൊണ്ടുമൊക്കെ വേദന തിന്നുന്നവരെ കൈപ്പിടിച്ചു ഒപ്പം കൊണ്ടുപോകാന്‍ സംവിധാനങ്ങള്‍ ആവശ്യമാണ്‌. വിധവകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ദൈവമാര്‍ഗത്തിലാണെന്ന്‌ നബിതിരുമേനി പറഞ്ഞിട്ടുണ്ടല്ലോ. തീര്‍ച്ചയായും എല്ലാ അശരണര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ദൈവവഴിയില്‍ തന്നെയായിരിക്കും. എന്നാല്‍, മുസ്ലിം സമൂഹം ഈ വഴിക്ക്‌ വേണ്ടത്ര ചിന്തിക്കുന്നുണ്ടോ? സഹോദര സമുദായമായ ക്രൈസ്‌തവര്‍, സമൂഹത്തിലെ അശരണര്‍ക്കു വേണ്ടി നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു മാതൃകാപരമായി നടത്തുന്നുണ്ട്‌. മുസ്ലിംകളുടെ നേതൃത്വത്തില്‍ അത്തരം സ്ഥാപനങ്ങള്‍ തുലോം കുറവാണ്‌. സ്‌നേഹത്തെയും കാരുണ്യത്തെയും സംബന്ധിച്ചുള്ള മതപാഠങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ മതിയായ ശ്രമമില്ലെന്നല്ലേ അതിനര്‍ഥം?

അബ്‌ദുല്ലാഹിബ്‌നു ഉമ്മിമക്തൂമിനെ പരാമര്‍ശിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ `അബസ' അധ്യായത്തിലെ വചനങ്ങള്‍, അബലരും അശരണരുമായ വിഭാഗത്തിന്‌ സമൂഹം നല്‌കേണ്ട പരിഗണനയെയും ആദരവിനെയും കുറിച്ചുള്ള വ്യക്തമായ താക്കീതാണല്ലോ. അതിന്റെ ഗൗരവം നാം ഉള്‍ക്കൊള്ളാറുണ്ടോ? അവരെ പരിഗണിച്ച്‌ ആദരിക്കുന്നില്ലെന്നതു പോകട്ടെ, അവഗണിക്കുകയും ചെയ്യുന്നു നാം. കാഴ്‌ചയ്‌ക്കും ശ്രവണത്തിനും ശരീരാവയവങ്ങള്‍ക്കും വൈകല്യമുള്ളവരെ രണ്ടാംകിടക്കാരായി കാണുന്നതാണ്‌ നമ്മുടെ അബോധമനസ്സ്‌. കണ്ണുപൊട്ടന്‍, ചെകിടന്‍, മുടന്തന്‍ തുടങ്ങിയ വിളിപ്പേരുകള്‍ പരിഹാസസൂചകവും അപമാനകരവുമായാണല്ലോ സമൂഹം കാണുന്നത്‌. അന്ധരിലും ബധിരരിലും വികലാംഗരിലുമൊക്കെ അപകര്‍ഷത അടിച്ചേല്‌പിക്കുന്നതാണ്‌ ഇത്തരം പ്രയോഗങ്ങള്‍ പോലും.

ഇസ്ലാമിക സംഘടനകള്‍ പാര്‍ശ്വവത്‌കൃതരായ സഹോദരങ്ങളെ സര്‍വത്ര പരിഗണിക്കാന്‍ ബാധ്യസ്ഥരാണ്‌. അതിന്‌ ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ മുഖ്യധാരയ്‌ക്കു മാത്രം ഇടമുള്ള പൊതുപ്രവണതയ്‌ക്കു മാറ്റമുണ്ടാകണം. പാര്‍ശ്വവത്‌കൃതരെ ശാക്തീകരിക്കുകയും സ്വയം പര്യാപ്‌തരാക്കുകയും ചെയ്യുന്നതിനുപകരിക്കുന്ന പദ്ധതികള്‍ ഉണ്ടാകണം. അവരുടെ ഭാഷകളിലും ഇസ്ലാം ജീവിക്കണം. അവരുടെ പ്രതിഭയും ക്രിയാത്മകതയും അംഗീകരിക്കുകയും മുഖ്യധാരയോട്‌ ചേര്‍ത്ത്‌ അവരെ ഉയര്‍ത്തുകയും വേണം. എക്കാലവും കരുണ യാചിക്കുന്നവനായിരിക്കാന്‍ ഒരു മനുഷ്യനെയും അവന്റെ അന്തസ്സ്‌ അനുവദിക്കില്ല. ഐ എസ്‌ എം തുടങ്ങിവെച്ച അന്ധരും ബധിരരുമടക്കമുള്ള പാര്‍ശ്വവത്‌കൃതര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ ആ വഴിക്കുള്ള ചെറിയ കാല്‍വെപ്പുകള്‍ മാത്രമാണ്‌. അതു മുന്നോട്ടുകൊണ്ടുപോകാന്‍ പ്രവര്‍ത്തകരും സമൂഹവും മുന്നോട്ടുവരണം.

താലിബാനിസവും സര്‍ക്കോസിസവും



ഫ്രാന്‍സില്‍ വീണ്ടും പര്‍ദനിരോധനത്തിനുള്ള നീക്കം ശക്തമാവുകയണ്‌. 2004ല്‍ സ്‌കൂളുകളില്‍ ശിരോവസ്‌ത്രം നിരോധിച്ചതു മുതല്‍ ആരംഭിച്ച വിവാദം കെട്ടടങ്ങാതെ തുടരുകയായിരുന്നു. 2006 ഒക്‌ടോബറില്‍ ഫ്രാന്‍സ്‌ ആഭ്യന്തര സെക്രട്ടറിയായിരുന്ന ജാക്‌ സ്‌ട്രോ രാജ്യത്ത്‌ പര്‍ദ നിരോധിക്കണമെന്ന്‌ ശക്തിയായി വാദിച്ചിരുന്നു. അതേറ്റുപിടിച്ച്‌ അന്നത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണി ബ്ലെയറും അന്നത്തെ ചാന്‍സലറും ഇപ്പോഴത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുമായ ഗോര്‍ഡന്‍ ബ്രൗണും പര്‍ദയ്‌ക്കെതിരെ രംഗത്തുവരികയുണ്ടായി. ഇപ്പോള്‍ ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിയാണ്‌ ഒരിക്കല്‍ കൂടി പര്‍ദ നിരോധിക്കാന്‍ രംഗത്തുവന്നിരിക്കുന്നത്‌.

സര്‍ക്കോസിയുടെ പാര്‍ലമെന്റിലെ കടുത്ത കമ്യൂണിസ്റ്റായ ഒരംഗമാണ്‌ രാജ്യത്ത്‌ മുഖാവരണ മൂടുപടം നിയമം മൂലം നിരോധിക്കാനുള്ള ബില്ല്‌ സമര്‍പ്പിച്ചിട്ടുള്ളത്‌. അറുപത്‌ അംഗങ്ങളുടെ പൂര്‍ണ പിന്തുണയും അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌. എന്നാല്‍ ഫ്രാന്‍സ്‌ പാര്‍ലമെന്റിലെ വലിയൊരു വിഭാഗം ഈ നീക്കത്തെ അംഗീകരിക്കുന്നില്ലെന്നത്‌ ആശ്വാസകരമാണ്‌. പശ്ചിമ യൂറോപ്പില്‍ മുസ്‌ലിം സാന്ദ്രതയുള്ള രാജ്യങ്ങളില്‍ പ്രധാനമാണ്‌ ഫ്രാന്‍സ്‌. ഇവിടെ അമ്പത്‌ ലക്ഷം മുസ്‌ലിംകളുണ്ട്‌. എന്നാല്‍ 577 അംഗ ഫ്രഞ്ച്‌ പാര്‍ലമെന്റില്‍ പേരിനു പോലും ഒരു മുസ്‌ലിമില്ലെന്നത്‌ മറ്റൊരു കാര്യം.

അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ കെയ്‌റോയില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കോസിയെ വിമര്‍ശിക്കുകയുണ്ടായി. മുസ്‌ലിംകളുടെ സത്വബോധത്തെ അംഗീകരിക്കാന്‍ പശ്ചാത്യ സമൂഹം കാണിക്കുന്ന വൈമുഖ്യത്തെ അദ്ദേഹം ശരവ്യമാക്കി. ബഹുസ്വരമായ ഒരു ലോകത്ത്‌ ജീവിക്കുമ്പോള്‍, സാംസ്‌കാരിക ബഹുത്വം ഒരു യാഥാര്‍ഥ്യമായി ഉള്‍ക്കൊള്ളാനാണ്‌ ഒബാമ ആഹ്വാനംചെയ്‌തത്‌. സര്‍ക്കോസിയും ഫ്രാന്‍സിലെ തീവ്ര സെക്യുലറിസ്റ്റുകളും പര്‍ദയെ കേവലം ഒരു വേഷപ്രശ്‌നമായല്ല കാണുന്നത്‌; പൗരത്വപ്രശ്‌നമായാണ്‌. തുല്യപൗരത്വം വിഭാവന ചെയ്യുന്ന ഫ്രാന്‍സ്‌ സമൂഹത്തില്‍ സ്‌ത്രീകളെ `തടവറ'യിലാക്കുന്ന സംസ്‌കാരം അനുവദിക്കില്ലെന്നാണ്‌ സര്‍ക്കോസി പറഞ്ഞത്‌. മുഖാവരണം സ്‌ത്രീകളുടെ വ്യക്തിത്വത്തെ അപമാനിക്കുമെന്നും സ്‌ത്രീ സ്വാതന്ത്ര്യത്തെ അപഹരിക്കുമെന്നും അവര്‍ വാദിക്കുന്നു. പുരുഷന്മാരായ ഭര്‍ത്താക്കളും ബന്ധുക്കളും സ്‌ത്രീകളില്‍ പര്‍ദ അടിച്ചേല്‌പിക്കുകയാണെന്നും അതവരുടെ നിര്‍ണയ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും പര്‍ദാനിരോധത്തെ അനുകൂലിക്കുന്ന ഫ്രാന്‍സിലെ തീവ്ര സെക്യുലറിസ്റ്റുകള്‍ വാദിക്കുന്നു.

ശിരോവസ്‌ത്ര നിരോധത്തെ എതിര്‍ക്കുന്ന ഫ്രാന്‍സിലും തുര്‍ക്കിയിലുമുള്ള മുസ്‌ലിംകള്‍ പര്‍ദ നിരോധിക്കുന്നതാണ്‌ സ്വാതന്ത്ര്യനിഷേധമെന്ന്‌ തിരിച്ചും വാദിക്കുന്നു. നിയമനിര്‍മാണത്തിനെതിരെ അവിടെ നടക്കുന്ന മാര്‍ച്ചില്‍, സ്‌ത്രീകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം പര്‍ദ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും ആത്മീയ ഔന്നത്യത്തിന്റെയും പ്രതീകമാണെന്ന്‌ ഉറക്കെപ്പറയുന്നു. എന്നാല്‍ ഉദാരസ്വാതന്ത്ര്യം വിഭാവനചെയ്യുന്ന ഫ്രാന്‍സിന്റെ മണ്ണില്‍ ഇതനുവദിക്കില്ലെന്ന ധാര്‍ഷ്‌ഠ്യമാണ്‌ എതിരാളികളുടേത്‌.

ഇസ്‌ലാം പ്രാകൃതവും അതിന്റെ ആചാരാനുഷ്‌ഠാനങ്ങള്‍ പഴഞ്ചനുമാണെന്ന പാശ്ചാത്യ തീവ്രവാദികളുടെ പൊതുബോധമാണ്‌ സര്‍ക്കോസിയുടെ വാക്കുകളില്‍ തെളിയുന്നത്‌. ആധുനികജീവിതത്തിന്റെ മൂല്യങ്ങളായ സ്വാതന്ത്ര്യവും സമത്വവുമായി ഇസ്‌ലാം സഹവര്‍ത്തിക്കുകയില്ലെന്ന മുന്‍വിധിയാണ്‌ `മതേതര മൗലികവാദികള്‍' അനുവര്‍ത്തിക്കുന്നത്‌. സമൂഹം ആധുനികവത്‌കരിക്കപ്പെടണമെങ്കില്‍ മതരഹിത സെക്യുലര്‍ മൂല്യങ്ങള്‍ സ്വീകരിക്കുകയും മതാത്മക ജീവിതരീതി കയ്യൊഴിയുകയും ചെയ്യേണ്ടത്‌ അനിവാര്യമാണെന്ന്‌ അവര്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇസ്‌ലാമിക സത്വത്തില്‍ അഭിമാനിച്ചുകൊണ്ട്‌, അത്‌ പൂര്‍ണമായി സ്വീകരിച്ചുകൊണ്ടു തന്നെ ആധുനിക ബഹുസ്വരസമൂഹത്തില്‍ അന്തസ്സായി ജീവിക്കാമെന്ന്‌ തെളിയിക്കുന്ന യൂറോപ്പിലെയും അമേരിക്കയിലെയും കുടിയേറ്റ മുസ്‌ലിംകളെ അവര്‍ ബോധപൂര്‍വം വിസ്‌മരിക്കുകയാണ്‌.

ഫ്രാന്‍സില്‍ പര്‍ദ വിവാദം ചൂടുപിടിക്കുമ്പോള്‍, പാകിസ്‌താനിലെ സ്വാത്‌ താഴ്വരയില്‍ താലിബാന്‍ ശരീഅത്ത്‌ നടപ്പാക്കുന്നതിന്റെ പേരിലുള്ള മറ്റൊരു വിവാദം മാധ്യമങ്ങളിലുണ്ട്‌. താലിബാന്‍ പര്‍ദ അടിച്ചേല്‌പിക്കുന്നത്‌ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ രഹിതവുമാണെന്നാണ്‌ അതേക്കുറിച്ചുള്ള പാശ്ചാത്യരുടെ പ്രതികരണം.

താലിബാന്‍ മുല്ലമാര്‍ പര്‍ദ അടിച്ചേല്‌പിച്ചാല്‍ അത്‌ ജനാധിപത്യ വിരുദ്ധവും ഫ്രാന്‍സിലെ `സെക്യുലര്‍ മുല്ലമാര്‍' പര്‍ദാനിരോധം അടിച്ചേല്‌പിച്ചാല്‍ അത്‌ ജനാധിപത്യവുമാകുന്ന യുക്തി അപാരം തന്നെ!

‘സംഘടിപ്പിച്ച്‌ സംസ്‌കരിക്കുക’


ഐ എസ്‌ എം, എം എസ്‌ എം, എം ജി എം തുടങ്ങിയ പ്രസ്ഥാന ഘടകങ്ങള്‍ 2010ല്‍ ആരംഭിക്കുന്ന പുതിയ ടേമിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പ്രക്രിയ ആരംഭിച്ച ഘട്ടമാണിത്‌. ഒരു സംഘടനയുടെ കരുത്തും ശേഷിയും നിര്‍ണയിക്കപ്പെടുന്ന പ്രാഥമിക ഘട്ടമാണ്‌ തെരഞ്ഞെടുപ്പ്‌. സംഘടനാ ചട്ടങ്ങളനുസരിച്ചുള്ള കൃത്യമായ മാര്‍ഗനിര്‍ദേശ വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ ജനാധിപത്യമര്യാദകള്‍ പാലിച്ചുകൊണ്ടാണ്‌ പ്രസ്ഥാന ഘടകങ്ങളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്‌. `മതേതര ജനാധിപത്യ'ത്തിന്റെ ലേബലുള്ള പല രാഷ്‌ട്രീയ സാമൂഹ്യസംഘടനകളിലും ടാലന്റ്‌ ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തിയോ, മുകളില്‍ നിന്നുള്ള നാമനിര്‍ദേശമനുസരിച്ചോ `തെരഞ്ഞെടുപ്പു' നടത്തുന്ന ഇക്കാലത്ത്‌ പ്രവര്‍ത്തകരുടെ പൂര്‍ണ സമ്മതിപ്രകാരമുള്ള തെരഞ്ഞെടുപ്പ്‌ സംവിധാനം ചെറിയകാര്യമല്ല.


തെരഞ്ഞെടുപ്പിലൂടെ സംഘടനയുടെ അസ്‌തിവാരമാണ്‌ പണിയുന്നത്‌. വരും ടേമിലെ പ്രവര്‍ത്തന പദ്ധതികളുടെ ജയപരാജയങ്ങള്‍ ഈ അസ്‌തിവാരത്തിന്റെ ഉറപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്‌. ഈ അസ്‌തിവാരം ദുര്‍ബലമാണെങ്കില്‍, അതിനുമുകളില്‍ സംഘടനാ നിര്‍മാണം സാധ്യമല്ല. മാത്രമല്ല, സംഘടനയുടെ മൊത്തം മനുഷ്യവിഭവശേഷിയുടെ സമാഹരണം കൂടിയാണ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ. പുതിയ ഒട്ടേറെ പ്രവര്‍ത്തകര്‍ അംഗങ്ങളായി സംഘടനയില്‍ കടന്നുവരുന്നതും പുതിയ ശാഖാ, മണ്ഡലം ഘടകങ്ങള്‍ നിലവില്‍ വരുന്നതുമെല്ലാം ഈ പ്രക്രിയയിലൂടെയാണ്‌.

താഴെ തട്ടുമുതല്‍ തെരഞ്ഞെടുപ്പു പ്രക്രിയയുടെ ചുക്കാന്‍ പിടിക്കുന്നവരും മുഖ്യ പ്രവര്‍ത്തകരും തികഞ്ഞ ഗൗരവവും ദീര്‍ഘവീക്ഷണവും കൈവിടാതെ ജാഗ്രത കൈക്കൊള്ളേണ്ട സന്ദര്‍ഭമാണിത്‌. അടിസ്ഥാന ഘടകങ്ങളിലാണ്‌ ഏറെശ്രദ്ധ ആവശ്യം. നിലവിലുള്ള പ്രവര്‍ത്തകരുടെ പേരു വിവരം ഒരു കടലാസില്‍ പകര്‍ത്തുന്നതല്ല മെമ്പര്‍ഷിപ്പ്‌ കാമ്പയ്‌ന്‍. സംഘടനയോട്‌ താല്‌പര്യവും അനുഭാവവുമുള്ള പുതിയ ആളുകളുമായി ആശയവിനിമയം നടത്തുകയും പ്രസ്ഥാനത്തെ പരിചയപ്പെടുത്തുകയും തല്‌പരരെ അംഗങ്ങളാക്കുകയും ചെയ്യുന്ന പരിപാടിയാണിത്‌. നാട്ടിലെ ഓരോരുത്തരെയും കുറിച്ച്‌ നേരത്തെ ഒരു മുന്‍വിധി കല്‍പിച്ചുവെച്ചിട്ടുള്ളതുകൊണ്ട്‌ പുതിയ ആളുകളെ തേടിച്ചെല്ലുന്ന രീതി ഏറെക്കുറെ സംഘടനാ പ്രവര്‍ത്തകര്‍ കയ്യൊഴിഞ്ഞ മട്ടാണ്‌. എന്നാല്‍, യാതൊരു മതസംഘടനയിലും അംഗമാകാത്തവരാണ്‌ കേരളത്തിലെ മുസ്‌ലിം യുവജനങ്ങളില്‍ കൂടുതലുമെന്നതാണ്‌ വാസ്‌തവം.

സംഘടനയില്‍ അംഗമാക്കുന്നതു സംബന്ധിച്ച്‌ വിവിധ സംഘടനകള്‍ക്ക്‌ വിവിധ നയമാണ്‌. `സംസ്‌കരിച്ച്‌ സംഘടിപ്പിക്കുന്ന'വരും `സംഘടിപ്പിച്ച്‌ സംസ്‌കരിക്കുന്ന'വരുമുണ്ട്‌. കുറേക്കൂടി ഉദാരമായ നയം രണ്ടാമത്തേതാണ്‌. സംസ്‌കരിക്കപ്പെട്ട വിശുദ്ധരുടെ ആലയമെന്നതിനേക്കാള്‍ സംസ്‌കരിക്കാനുള്ള യന്ത്രമാണല്ലോ സംഘടന. ഇസ്‌ലാമിക താല്‍പര്യവും സംഘടനയുടെ ആദര്‍ശ നയപരിപാടികളുമായി യോജിപ്പുമുള്ളവരെ നിര്‍ലോപം അംഗങ്ങളാക്കുകയാണ്‌ വേണ്ടത്‌. അകറ്റുകയല്ല; അടുപ്പിക്കുകയാണ്‌ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട സമീപനം.

അവസാനിക്കുന്ന ടേമിലെ സംഘടനാ അനുഭവങ്ങള്‍, പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനു മുമ്പായി വിശകലനംചെയ്യപ്പെടണം. ഏതെങ്കിലും ഘടകങ്ങളില്‍ സംഘടനായന്ത്രം മന്ദീഭവിക്കുകയോ നിശ്ചലമാകുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി മിക്കവാറും ആ ഘടകത്തിന്റെ ഭാരവാഹികള്‍ തന്നെയായിരിക്കുമല്ലോ. സ്വന്തം കഴിവുകേട്‌ മൂന്നുകൊല്ലം കൊണ്ട്‌ സംശയരഹിതമായി തെളിയിച്ചിരിക്കുന്നവരെ ഒരിക്കല്‍ കൂടി ഭാരവാഹികളാക്കി `ആദരിക്കുന്നത്‌' സംഘടനയോട്‌ ചെയ്യുന്ന അപരാധം മാത്രമല്ല, ആ വ്യക്തികളെകൂടി കുറ്റവാളികളാക്കുന്നതിനു തുല്യമായിരിക്കും. ഇക്കാലമത്രയും ഒരു യോഗമിനുട്‌സില്‍ പോലും ഒപ്പുവെക്കാന്‍ `സമയം കിട്ടിയിട്ടില്ലാത്ത' ബഹുമാന്യ നേതാക്കളെ ഒഴിവാക്കിക്കൊടുക്കുന്ന കാര്യത്തില്‍ എന്തിനു ദാക്ഷിണ്യം കാണിക്കണം?

ഇസ്‌ലാമിക നിഷ്‌ഠ, ആദര്‍ശബോധം, സമര്‍പ്പണ സന്നദ്ധത, ആത്മാര്‍ഥത തുടങ്ങിയ മൂല്യങ്ങളോടൊപ്പം കര്‍മകുശലതയും ഉള്‍ക്കാഴ്‌ചയും ദീര്‍ഘവീക്ഷണവും നയചാതുരിയും ഭാവനാസമ്പത്തുമൊക്കെ പരിഗണിക്കപ്പെടണം. തര്‍ബിയത്ത്‌ രംഗത്ത്‌ ഉന്നത നിലവാരമുള്ളവര്‍ സംഘടനക്ക്‌ അനിവാര്യമാണ്‌. അതോടൊപ്പം, ഭിന്ന മേഖലകളില്‍ കഴിവും പ്രാപ്‌തിയുമുള്ള പ്രതിഭാധനരും സംഘടനയുടെ മുന്നേറ്റത്തില്‍ അതീവ പ്രധാനമാണ്‌. ശേഷികളുടെ വൈവിധ്യം സമഞ്‌ജസമായി മേളിക്കുമ്പോഴാണ്‌ സംഘടനാരംഗം ഊര്‍ജസ്വലവും ഊഷ്‌മളവുമായിത്തീരുക. ഇതൊക്കെ ഒത്തുവന്നാല്‍പോലും പ്രവര്‍ത്തിക്കാനുള്ള സൗകര്യവും സാഹചര്യവുമില്ലെങ്കിലോ? കുടുംബം, ജോലി, പഠനം, അനാരോഗ്യം തുടങ്ങിയ ഒട്ടേറെ പരിമിതികള്‍ അലട്ടുന്ന, തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നവരെ ഉത്തരവാദിത്വങ്ങള്‍ അടിച്ചേല്‌പിക്കാന്‍ ശ്രമിക്കരുത്‌. പ്രാപ്‌തിയും സാധ്യതയുമുള്ള ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ നമുക്കുണ്ട്‌. അവരെ കണ്ടെത്തുകയും `തെരഞ്ഞെടുക്കുകയും' ചെയ്യുക എന്നതാണ്‌ സംഘടനാ തന്ത്രജ്ഞത. ശരിയായ ഹോം വര്‍ക്കുണ്ടെങ്കില്‍ ഈ വെല്ലുവിളിയെ സമര്‍ഥമായി അതിജീവിക്കാനാവും.

ഇസ്‌ലാംവിരോധം: ജര്‍മനിയില്‍ തുടര്‍ക്കഥ



“താങ്കളുടെ യുവാവായ മകന്‍, താന്‍ സ്വവര്‍ഗരതിക്കാരനാണെന്നും ഒരു പുരുഷനെ വിവാഹം കഴിച്ച്‌ അയാളോടൊപ്പം ജീവിക്കാനുദ്ദേശിക്കുന്നുവെന്നും പറഞ്ഞാല്‍ നിങ്ങളുടെ പ്രതികരണമെന്തായിരിക്കും?”

“നിങ്ങളുടെ മകള്‍ വീട്ടില്‍ വന്ന്‌ പറയുന്നു: ഞാന്‍ ലൈംഗികപീഡനത്തിന്‌ ഇരയായിരിക്കുന്നു. അപ്പോള്‍ ഒരു അച്ഛന്‍/അമ്മ/സഹോദരന്‍ എന്ന നിലയില്‍ താങ്കള്‍ എന്തുചെയ്യും?”

“നിങ്ങള്‍ക്ക്‌ പുരുഷ/വനിതാ ഡോക്‌ടറെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ സന്ദര്‍ഭവശാല്‍ എതിര്‍ലിംഗത്തില്‍ പെട്ട ഡോക്‌ടറെയാണ്‌ കാണാന്‍ സൗകര്യപ്പെടുന്നത്‌ എന്ന്‌ സങ്കല്‌പിക്കുക. അപ്പോള്‍ നിങ്ങള്‍ ചികിത്സയ്‌ക്ക്‌ തയ്യാറാകുമോ?”

മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ ലഭിക്കണമെങ്കില്‍ ജര്‍മനിയിലെ ചില പ്രവിശ്യകളില്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഓഫീസുകളില്‍ പൂരിപ്പിച്ചു നല്‌കേണ്ട പ്രത്യേക ഫോറത്തിലുള്ള ചോദ്യങ്ങളില്‍ ചിലതാണ്‌ മുകളില്‍ കൊടുത്തത്‌. ചര്‍ച്ചിന്റെ കര്‍ശനമായ സ്വാധീനമുള്ള ജര്‍മനി, മുസ്‌ലിം കുടിയേറ്റക്കാരെ പരമാവധി അകറ്റാനാണ്‌ ശ്രമിക്കുന്നത്‌. ജനാധിപത്യ-മനുഷ്യാവകാശ മൂല്യങ്ങളെക്കുറിച്ച്‌ ഗീര്‍വാണമടിക്കുന്നവര്‍ തന്നെയാണ്‌ ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിച്ച്‌ മതപരമായി ഒരു സമൂഹത്തെ അപകര്‍ഷതയില്‍ അകപ്പെടുത്തുന്നത്‌.

കഴിഞ്ഞയാഴ്‌ച, ജര്‍മനിയില്‍ മര്‍വ ശര്‍ബീന എന്ന മുസ്‌ലിം യുവതിയെ റഷ്യന്‍ കുടിയേറ്റക്കാരനായ വംശീയവാദി, ശിരോവസ്‌ത്രം ധരിച്ചതിന്റെ പേരില്‍ ‘ഭീകരവാദി’ എന്ന്‌ വിളിക്കുകയും അത്‌ കോടതിയില്‍ ചോദ്യംചെയ്‌തപ്പോള്‍ കോടതിമുറിയില്‍ വെച്ച്‌ തന്നെ അവരെ കൊലപ്പെടുത്തുകയും ചെയ്‌ത സംഭവത്തിന്റെ വാര്‍ത്തയാണ്‌ 2006ല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ജര്‍മന്‍ കുടിയേറ്റ മുസ്‌ലിംകളുടെ ദാരുണമായ വിവേചനാനുഭവം വീണ്ടും ഓര്‍മിപ്പിച്ചത്‌.

മുസ്‌ലിംകള്‍ മൊത്തത്തില്‍ പ്രാകൃതരും ജനാധിപത്യവിരോധികളുമാണെന്ന മുന്‍വിധി ജര്‍മനിയിലെ അധികൃതര്‍ തന്നെ വെച്ചുപുലര്‍ത്തുമ്പോള്‍, ആ സമൂഹം ഹിംസാത്മകമായി പ്രതികരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. പൗരത്വം നല്‌കുന്നതിന്‌ മുമ്പ്‌ ഒരു വ്യക്തിയുടെ ആന്തരികമായ മനോഭാവങ്ങള്‍ മനസ്സിലാക്കാന്‍ ഭരണഘടനാപരമായി അധികാരമുണ്ടെന്നാണ്‌ ഇതേക്കുറിച്ച്‌ അധികൃതരുടെ ന്യായവാദം. ഈ ചോദ്യാവലി ആത്മാഭിമാനമുള്ള ഒരു മുസ്‌ലിമിനെ അങ്ങേയറ്റം പ്രകോപിപ്പിക്കുന്ന വിധമാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌.

എല്ലാ മുസ്‌ലിംകളും സ്‌ത്രീകളെ അടിച്ചമര്‍ത്തുന്നവരും സ്വന്തം ശരിയില്‍ അന്ധമായി വിശ്വസിക്കുന്നവരും ഭീകരതയോട്‌ അനുഭാവം പുലര്‍ത്തുന്നവരുമാണെന്ന ഇസ്‌ലാമോഫോബിക്‌ പൊതുബോധമാണ്‌ ചോദ്യാവലിയുടെ അന്തര്‍ധാര. അതാകട്ടെ, ഒട്ടും മറച്ചുവെക്കുന്നുമില്ല. “നിങ്ങള്‍ 2001 സപ്‌തംബര്‍ 11നെക്കുറിച്ചും 2004 മാര്‍ച്ച്‌ 11 (മാഡ്രിഡ്‌) സംഭവത്തെക്കുറിച്ചും കേട്ടിരിക്കുമല്ലോ. എമിഗ്രേഷന്‍ വകുപ്പ്‌, നിങ്ങള്‍ വിശ്വാസികളാണ്‌ എന്നതു തന്നെ തീവ്രവാദികളുമായി ബന്ധപ്പെടാനുള്ള മതിയായ കാരണമായി കരുതുന്നു. നിങ്ങളുടെ അയല്‍ക്കാരിലോ സുഹൃദ്വൃന്ദത്തിലോ പെട്ട ഒരാള്‍ ഒരു ഭീകരാക്രമണത്തില്‍ ബന്ധപ്പെടുന്നതായോ ആസൂത്രണം ചെയ്യുന്നതായോ കണ്ടാല്‍ എങ്ങനെ പ്രതികരിക്കും? നിങ്ങള്‍ എന്തുചെയ്യും?”

മറ്റൊരു ചോദ്യം: “ഭരണസംവിധാനത്തിന്റെ ഏറ്റവും മോശം രൂപമാണ്‌ ജനാധിപത്യം. എന്നാല്‍ നിലവിലുള്ളതില്‍ വെച്ച്‌ ഏറ്റവും മികച്ചതാണത്‌ -ഈ പ്രസ്‌താവനയെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായമെന്ത്‌?” ചോദ്യത്തിലെ ഒളിയമ്പ്‌ വ്യക്തം. ‘പുത്തന്‍ പൗരത്വപരീക്ഷ’ എന്ന ശീര്‍ഷകത്തില്‍ 2006 ജനുവരിയിലാണ്‌ ജര്‍മനിയിലെ മുസ്‌ലിംവിരുദ്ധത മറയില്ലാതെ പുറത്തുകാട്ടുന്ന ഈ ചോദ്യാവലിയെക്കുറിച്ച്‌ വാര്‍ത്തവന്നത്‌. എന്നാല്‍ അന്നതിന്‌ വലിയ പ്രാധാന്യം നല്‌കപ്പെട്ടിരുന്നില്ല. ഇസ്‌ലാമിക രാജ്യങ്ങളിലെ സങ്കുചിതത്വവും പരമതദ്വേഷവും അസഹിഷ്‌ണുതയും നിറംപിടിപ്പിച്ച കഥകളിലൂടെ അവതരിപ്പിക്കാന്‍ പാശ്ചാത്യമാധ്യമങ്ങള്‍ കാണിക്കുന്ന മിടുക്ക്‌ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നതിലുമര്‍ഥമില്ലല്ലോ. സ്വാതില്‍ ശരീഅത്ത്‌ നടപ്പാക്കുമെന്ന താലിബാന്‍ തീവ്രവാദികളുടെ പ്രഖ്യാപനം ഉലക്ക മഷിയില്‍ മുക്കിയാണ്‌ പാശ്ചാത്യമാധ്യമങ്ങള്‍ തലക്കെട്ട്‌ എഴുതിയതെന്നതും മറന്നുപോകരുത്‌. എന്നാല്‍, പച്ചയ്‌ക്കു തന്നെ മുസ്‌ലിംകളെ ഭീകരവാദിയും അപരിഷ്‌കൃതരുമാക്കുന്ന ‘അംഗീകൃത’ വിവേചനത്തെ ആരും ചോദ്യംചെയ്യാനില്ല. ജര്‍മനിയിലെ നിലനില്‌പ്‌ പ്രയാസകരമായതിനാല്‍, മുസ്‌ലിം കുടിയേറ്റക്കാര്‍ മറ്റു രാജ്യങ്ങള്‍ തേടിപ്പോകുന്നതായി വാര്‍ത്തയുണ്ട്‌. ഇനി ആരെങ്കിലും ഈ വിവേചനവും അസഹിഷ്‌ണുതയും ചോദ്യംചെയ്‌താല്‍, കോടതിമുറിയിലും അതിനെ നേരിടാന്‍ മടിയില്ലെന്നാണിപ്പോള്‍ നവനാസിയായ റഷ്യന്‍ ചെറുപ്പക്കാരന്‍ ജര്‍മനിയില്‍ തെളിയിച്ചിരിക്കുന്നത്‌. ഇസ്‌ലാമിക ഭീകരതയെക്കുറിച്ച്‌ റിലേ ലേഖനമെഴുത്ത്‌ തൊഴിലാക്കിയ നമ്മുടെ മുസ്‌ലിം ബുജികള്‍ക്ക്‌ എന്തുപറയാനുണ്ട്‌. മുകളിലെ വാര്‍ത്ത വന്നത്‌ ഏതെങ്കിലും മുസ്‌ലിം പ്രസിദ്ധീകരണത്തിലല്ല; പ്രമുഖ സോഷ്യലിസ്റ്റ്‌ വെബ്‌സൈറ്റിലാണ്‌.

കിറുക്കറ്റം!


മുംബൈയില്‍ നടന്ന ഐ പി എല്‍ ലേല വാര്‍ത്തയ്ക്കു മാധ്യമങ്ങള്‍ നല്ല പ്രാധാന്യം നല്‍കുകയുണ്ടായി. ലോകപ്രശസ്ത ക്രിക്കറ്റ് കളിക്കാരെ കോടികളെറിഞ്ഞ് വന്‍‌കിട വ്യവസായികള്‍ ലേലം വിളിച്ചെടുക്കുകയായിരുന്നു. ഇന്റ്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്കാണ് മുന്തിയ വില കിട്ടിയത്; ആറുകോടി. ചെറുപ്പക്കാര്‍ ആവേശമായി കൊണ്ടു നടക്കുന്ന ഇശാന്ത് ശര്‍മ, ശ്രിശാന്ത്, ഇര്‍ഫരാന്‍ പത്താന്‍, ഹര്‍ഭജന്‍സിങ്, റോബിന്‍ ഉത്തപ്പ, രോഹിത് ശര്‍മ എന്നിങ്ങനെ പ്രമുഖ കാളിക്കാരെയെല്ലാം വന്‍‌കിട കമ്പനികള്‍ ലേലം വിളച്ച് സ്വന്തമാക്കി!

ഈ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ആത്മാഭിമാനം ലേലത്തിനു വെച്ച നെറികെട്ട ഈ കളിവ്യവസായത്തിനെതിരെ ചെറുപ്പക്കാരുടെ ഒരു പ്രകടനമെങ്കിലും നാട്ടിലെവിടെയെങ്കിലുമുണ്ടാകുമെന്നു കരുതി. അങ്ങിനെയൊന്നുണ്ടായില്ലെന്നു മാത്രമല്ല, അടുത്ത ദിനങ്ങളില്‍ ലേലത്തില്‍ കൂടുതല്‍ ‘വില’യ്ക്കു വിറ്റുപോയ സ്വന്തം താരമായ ധോണിയുടെ ചിത്രം ആലേഖനം ചെയ്ത ടീഷര്‍ട്ടുകള്‍ അണിഞ്ഞ് യുവാക്കള്‍ തെരുവില്‍ നൃത്തം ചവിട്ടുകയും ചെയ്തു.

താരാരാധന ഏതു പരിധിവരെയെത്തി നില്‍ക്കുന്നുവെന്നാണ് ഈ സംഭവം നമ്മെ ഭയപ്പെടുത്തുന്നത്. മുന്‍പ് ക്രിക്കറ്റ് കിറുക്കന്മാര്‍, ‘ക്രിക്കറ്റ് ഞങ്ങളുടെ മതം, കപില്‍ദേവ് ഞങ്ങളുടെ ദൈവം’ എന്ന് ദേഹത്ത് എഴുതി പ്രകടനം നടത്തിയതിന്റെ പടം പത്രങ്ങളില്‍ വന്നിരുന്നു. ക്രിക്കറ്റര്‍മാരുടെ പേരില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും പൂജനടത്തുകയും ചെയ്തതായും കളിയില്‍ ഇഷ്ടതാരം പരാജയപ്പെട്ട മനോവ്യഥ മൂലം ആത്മഹത്യ ചെയ്തതായും വാര്‍ത്തയുണ്ടായിരുന്നു.


കൊച്ചുകുട്ടികള്‍ നടക്കുന്നതും ഓടുന്നതും ശ്രദ്ധിച്ചിട്ടില്ലേ? അതിന് ഒരു ക്രിക്കറ്റ് ടച്ച് കാണും. ബൌളിംഗിനെന്ന പോലെ കൈ വീശിയുള്ള നടത്തം, ഓട്ടം. യുവാക്കളുടെ ടീ ഷര്‍ട്ട്, ക്യാപ്പ്, വാച്ച്..... എല്ലാറ്റിലും തങ്ങളുടെ താരദൈവത്തോടുള്ള ആരാധന മുറ്റി നില്‍ക്കുന്നതു കാണാം. കളിക്കിടെ കൈവെള്ളയില്‍ തുപ്പുന്നതും ഹാന്‍സോ പാനുകളോ ച്യൂയിംഗമോ ചവയ്ക്കുന്നതുമെല്ലാം അനുകരണം കൊണ്ടുതന്നെ. സിനിമാസ്റ്റാറുകള്‍ക്കു പോലും കൈവരാത്ത താരപദവിയാണ് ക്രിക്കറ്റിനു വന്നിരിക്കുന്നത് എന്നാണിതെല്ലാം സൂചിപ്പിക്കുന്നത്.


ഒരു കാര്യത്തോടുള്ള അന്ധമായ ഭ്രമം അതിനെ ചോദ്യംചെയ്യാതെ അനുസരിക്കുന്നതിനു പ്രേരിപ്പിക്കും. ക്രിക്കറ്റിന്റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിതാണ്. ക്രിക്കറ്റ് ഒരു കളി എന്ന നിലവിട്ട്, മറ്റൊരു ‘ദീന്‍’* ആയി മാറുകയാണോ? ക്രിക്കറ്റ് കോടികള്‍ വിലമതിക്കുന്ന വില്പനച്ചരക്കാണെന്നാണ് മുംബൈയിലെ ലേലം മറയില്ലാതെ വ്യക്തമാക്കിയിരിക്കുന്നത്. ധനാര്‍ത്തി മൂത്ത് കുത്തകവ്യവസായികള്‍ക്ക് സ്വന്തം കായികപ്രതിഭയെ അടിയറവുവെക്കുന്ന ക്രിക്കറ്റര്‍മാരെ തുടര്‍ന്നും ‘ആരാധിക്കാന്‍’ തുനിയുന്നവര്‍, തങ്ങള്‍ക്കു ബാധിച്ചിരിക്കുന്ന മാരകമായ മനോരോഗത്തെ ഇനിയും തിരിച്ചറിയാതെ പോകരുത്. ഈ ഉന്മാദരോഗികളെ ചികിത്സിക്കാന്‍ സമൂഹം ഇനിയും വൈകിക്കയുമരുത്.


അധ്വാനിച്ചു ക്ഷീണിക്കുന്നവന് മനസ്സിനും ശരീരത്തിനും നവോന്മേഷം പകരാന്‍ അനുവദനീയമായ അല്പം വിനോദങ്ങളാവാം. എന്നാല്‍ രാപ്പകല്‍ ഭേദമന്യേ ഉറക്കമിളച്ച്, പഠനവും ജോലിയും പ്രാര്‍ഥനകളുമൊക്കെ ഉപേക്ഷിച്ച് അനേകം ‘ഏകദിന’ങ്ങള്‍ കവരുന്ന മാനിയയായി മാറിയിരിക്കുന്നു ക്രിക്കറ്റ്. റേഷന്‍ കടയില്‍ അരിവാങ്ങാന്‍ പോയ കുട്ടി, അങ്ങാടിയില്‍ ടി വിക്കു മുന്നില്‍ ക്രിക്കറ്റ് കണ്ട് അന്തംവിട്ടു രാത്രി ഒഴിഞ്ഞ സഞ്ചിയുമായി തിരികെ വന്ന കഥകള്‍ ഓരോ നാട്ടിലും കാണും. സമ്പന്നനെ മാത്രമല്ല, പട്ടിണിപ്പാവങ്ങളെയും ഈ സുഖിയന്‍ നേരംകൊല്ലിക്കളി, പണം തീനിക്കളി വിഴുങ്ങിയിരിക്കുന്നു എന്നല്ലേ അതു നല്‍കുന്ന സൂചന?ഇന്നിപ്പോള്‍ ലോകകപ്പോ ഏകദിന മാച്ചോ നടക്കുന്ന ദിവസങ്ങളില്‍ നാട്ടില്‍ ഹര്‍ത്താല്‍ പ്രതീതിയാണ്. സര്‍ക്കാര്‍ ആപ്പീസുകളില്‍ അന്ന് ഹാജര്‍ കുറയും. കടകമ്പോളങ്ങള്‍ അടഞ്ഞിരിക്കും. അതുമാത്രമല്ല, ഖുര്‍‌ആന്‍ ക്ലാസിനോ സംഘടനാ യോഗങ്ങള്‍ക്കോ ദിവസം നിശ്ചയിക്കുമ്പോള്‍ അന്ന് പ്രധാന ക്രിക്കറ്റ് കളിയൊന്നുമില്ലെന്ന് ഉറപ്പാക്കേണ്ട ഗതിയാണുള്ളത്.


ഒരിക്കല്‍ ഒരു സുപ്രധാന യോഗത്തിനിടെ ഒരു പ്രവര്‍ത്തകന്‍, കൂടെക്കൂടെ പുറത്തുപോയിക്കൊണ്ടിരിക്കുന്നു, ധൃതിപ്പെട്ട് അക്ഷമനായി ഫോണ്‍ ചെയ്ത് കൊണ്ടിരിക്കുന്നു. യോഗശേഷം അയാള്‍ വിവരം പറഞ്ഞു: ഇന്ന് ഇന്ത്യ-പാക് കളി നടക്കുകയാണെന്നറിഞ്ഞുകൂടെ? ഇരുത്തം കൊള്ളാഞ്ഞിട്ടാണ് ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ചു സ്കോര്‍ ചോദിച്ചുകൊണ്ടിരുന്നത്. തിരിച്ചു പോകുമ്പോള്‍ ഉച്ചഭക്ഷണം പാര്‍സല്‍ വാങ്ങിയില്ലെങ്കില്‍ പട്ടിണിയാകും. ഭാര്യയും കുട്ടികളുമെല്ലാം ടി വിക്കു മുമ്പിലായിരിക്കും- അഭിമാനത്തോടെയാണ് അയാള്‍ അതു പറയുന്നത്.


മിക്ക മനുഷ്യരും ജീവിതത്തിനു നേരെ ഒട്ടും ഗൌരവമില്ലാത്ത സമീപനമാണ് പുലര്‍ത്തുന്നതെന്നത് ലോകാനുഭവമാണ്. അത്തരക്കാര്‍ക്കു ആയുഷ്ക്കാലം കളിയും വിനോദവും മാത്രമാണ്. ഭൌതിക ജീവിതം കളിയും വിനോദവുമായി തള്ളിക്കളയുന്ന മനുഷ്യരെ കുറിച്ചുള്ള ഖുര്‍‌ആനിന്റെ താക്കീത് കൃത്യമായി പുലരുന്നതാണ് ക്രിക്കറ്റ് നമുക്കുമുന്നില്‍ വരച്ചു കാണിക്കുന്നത്. ഒരു ഏകദിന പരമ്പരയോ ടെസ്റ്റ് പരമ്പരയോ നടക്കുമ്പോള്‍ ജനജീവിതത്തിന്റെ കേന്ദ്ര പ്രശ്നം അതായിത്തീരുന്നു. മറ്റെല്ലാ യാഥാര്‍ഥ്യങ്ങളും തത്ക്കാലം മറന്ന് അവര്‍ ഭ്രമാത്മകമായ ലോകത്ത് സ്തംഭിച്ചു പോകുന്നു. ഇങ്ങനെയാണ് ജീവിതം കളിതമാശയാക്കുന്നത്. ഇത് അവിശ്വാസികളുടെ ജീവിത വീക്ഷണമായി ഖുര്‍‌ആന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. “തങ്ങള്‍ മുസ്‌ലിംകളായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ചിലപ്പോള്‍ അവിശ്വാസികള്‍ കൊതിച്ചുപോകും നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തില്‍ വ്യാപൃതരാവുകയും ചെയ്തുകൊള്ളട്ടെ. പിന്നീട് അവര്‍ മനസ്സിലാക്കികൊള്ളും.” (വി.ഖു. 15: 2,3) വിശ്വാസികള്‍ അവിശ്വാസികളുടെ അതേ ജീവിത വീക്ഷണത്തില്‍ അകപ്പെട്ടു പോയാലോ? ച്ച്ഃഐണ്ത്തീക്കുക. ക്രിക്കറ്റ് മാനിയ ബഹിഷ്കരിക്കപ്പെടേണ്ടതില്ലേ?

-----------------------
* ദീന്‍ - മതം

തോറ്റുപോയവരെ ജയിപ്പിക്കാന്‍

കേരളം പരീക്ഷച്ചൂടിലേക്ക് കടന്നുകഴിഞ്ഞു. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, കോളജ് തലങ്ങളിലുള്ള പബ്ലിക് പരീക്ഷകള്‍ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. പത്രമാധ്യമങ്ങളും സന്നദ്ധ സംഘടനകളും സ്കൂള്‍ കേന്ദ്രീകരിച്ചുള്ള പരീക്ഷാ പരിശീലനപരിപാടികളും പ്രി എക്സാം കൌണ്‍സലിംഗുകളുമൊക്കെയായി രംഗത്തിറങ്ങിക്കഴിഞ്ഞു. പഞ്ചായത്തുകളുടെയും പി ടി എ കളുടെയും മറ്റും ആഭിമുഖ്യത്തില്‍ പ്രത്യേക കോച്ചിംഗ് നല്‍കുവാന്‍ വേണ്ടി സഹവാസ കേമ്പുകളും ആരംഭിച്ചുകഴിഞ്ഞു. ആകെമൊത്തം പരീക്ഷാമയമാണെന്ന് ചുരുക്കം.

പരീക്ഷാഭീമനെ തളയ്ക്കാന്‍ വേണ്ടി കുട്ടികളെ പിന്തുണയ്ക്കാനും സഹായിക്കാനും മാതാപിതാക്കളും സമൂഹവും സജീവമായി മുന്നിട്ടിറങ്ങുന്നത് കൊണ്ടും അടുത്തകാലത്ത് പരീക്ഷാസമീപനത്തിലും സമ്പ്രദായത്തിലും വന്ന മാറ്റങ്ങള്‍കൊണ്ടും പൊതുവില്‍ വിജയശതമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പരീക്ഷകളില്‍ മികച്ചവിജയം കൈവരിക്കുന്നവരുടെ പൊതുവിജ്ഞാനത്തിന്റെയും ശേഷികളുടെയുമൊക്കെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും പരീക്ഷയെയും പഠനത്തെയും ഗൌരവത്തിലെടുക്കാന്‍ സമൂഹമൊന്നാകെ മുന്നോട്ടുവരുന്നത് ചെറുതായി കാണേണ്ടതല്ല. മുസ്‌ലിം സമുദായവും ഈ പൊതുപ്രവണതയില്‍ നിന്നു പുറത്തല്ലെന്ന് സാമാന്യമായി പറയാം. എന്നാല്‍, ഇതര സമുദായങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യപിന്തുണ നല്‍കുന്ന കാര്യത്തില്‍ മുസ്‌ലിം സമുദായം പുറകിലാണെന്നാണ് കാണാന്‍ കഴിയുന്നത്. സമ്പന്നരുടെയും ഉയര്‍ന്ന ഇടത്തരക്കാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയുമൊക്കെ കുടുംബങ്ങള്‍ ഇതിന് അപവാദമാകാമെങ്കിലും.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും താണ ഇടത്തരക്കാരുമായ മുസ്‌ലിം കുടുംബങ്ങള്‍ കൂടുതല്‍ അധിവസിക്കുന്നത് മലബാര്‍ ജില്ലകളിലാണ്. ഗള്‍ഫ് പ്രവാസികളുടെ കുടുംബങ്ങളും ഏറ്റവും കൂടുതലുള്ളത് ഈ പ്രദേശങ്ങളില്‍ തന്നെ. പഠനത്തിലും പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം കുട്ടികളുടെ ഒരു കണക്കെടുത്താല്‍ അതില്‍ മഹാ ഭൂരിപക്ഷവും, നിര്‍ധനകുടുംബങ്ങളില്‍ നിന്നുള്ളവരോ, രക്ഷിതാക്കള്‍ വീട്ടിലില്ലാത്തവരോ ആണെന്ന് കണ്ടെത്താനാവും. സമുദായം ഗൌരവത്തോടെ പരിഗണിക്കേണ്ട കാര്യമാണിത്.

പരീക്ഷയില്‍ മികച്ച മാര്‍ക്കുനേടിയവരെ ആദരിക്കാനും അവാര്‍ഡുനല്‍കാനും സമുദായ സംഘടനകള്‍ ആവേശം കാണിക്കാറുണ്ട്. സമൂഹം എപ്പോഴും ജയിച്ചവരുടെ കൂടെയാണല്ലോ. എന്നാല്‍ പരീക്ഷ എഴുതുന്നവരില്‍ ഗണ്യമായ ഒരു വിഭാഗം തോറ്റുപോകുന്നുണ്ട്. അവര്‍ തോറ്റുപോകുന്നതെന്തുകൊണ്ടാണെന്നുകൂടി നാം ചിന്തിക്കേണ്ടതല്ലെ? യഥാര്‍ഥത്തില്‍ ജയിക്കുന്നവര്‍ പ്രോത്സാഹനമര്‍ഹിക്കുന്നപോലെ തന്നെ പ്രധാനമാണ് തോറ്റവര്‍ അനുകമ്പയര്‍ഹിക്കുന്നതും. മിക്കപ്പോഴും, അവര്‍ തോല്‍ക്കുകയല്ല; സാമൂഹ്യകാരണങ്ങളാല്‍ തോല്‍പ്പിക്കപ്പെടുകയാണെന്ന പൊള്ളുന്ന യാഥാര്‍ഥ്യം നാം ഓര്‍ക്കാതെ പോകുകയും ചെയ്യുന്നു.

ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റ് നേടാന്‍ അതിനുമാത്രം ബുദ്ധിവൈഭവമൊന്നും ആവശ്യമില്ലെന്ന് ആരും സമ്മതിക്കും. എന്നിട്ടും കുട്ടികള്‍ തോറ്റുപോകുന്നത്, കുടുംബത്തിലെ പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ടാണ്. ചേരിപ്രദേശങ്ങളിലും കടലോരങ്ങളിലും പാര്‍ക്കുന്ന കുട്ടികള്‍ക്ക് ശ്രദ്ധിച്ചുപഠിക്കാനും വായിക്കാനുമുള്ള അന്തരീക്ഷം വീട്ടില്‍ അസാധ്യമായിരിക്കും. ഒഴിവുദിവസങ്ങളില്‍ തൊഴിലെടുത്ത് ജീവിത മാര്‍ഗം കണ്ടെത്തുന്ന വിദ്യാര്‍ഥികളും കുറച്ചല്ല ഉള്ളത്. നിത്യതൊഴിലിലേര്‍പ്പെടുന്നവര്‍, പരമ്പരാഗത കൂലിവേലക്കാര്‍ തുടങ്ങിയ ദരിദ്രകുടുംബങ്ങളിലെ മുതിര്‍ന്നവര്‍ക്ക്, കുട്ടികളുടെ പഠനകാര്യത്തില്‍ സഹായിക്കാനുള്ള സന്ദര്‍ഭമോ സൌകര്യമോ കിട്ടണമെന്നില്ല. മുസ്‌ലിം സമുദായത്തിലെ പരാജിതരില്‍ മറ്റൊരു വിഭാഗം കുട്ടികള്‍ അതിസമ്പന്ന കുടുംബങ്ങളില്‍ പെട്ടവരാണ്. ആവശ്യത്തില്‍ കവിഞ്ഞ് പണവും സൌകര്യങ്ങളും ചെറുപ്പം മുതല്‍ ആസ്വദിക്കുകയും അമിതസ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തതിന്റെ ഫലമായി ‘പരിധിക്കുപുറത്തു’ പോകുന്നവര്‍! സത്യത്തില്‍ ആ കുട്ടികള്‍ വഴിവിട്ട് സഞ്ചരിക്കുന്നതിനു പിന്നില്‍ കുടുംബത്തിനും സമൂഹത്തിനും ഒരു പങ്കുമില്ലെന്ന് പറയാനാവുമോ?

ഇവിടെയാണ് സാമൂഹ്യ സംഘടനകളും പ്രവര്‍ത്തകരും ഉണരേണ്ടത്. ഓരോ പ്രദേശത്തും പരീക്ഷയുടെ മുന്നോടിയായി രക്ഷിതാക്കളുടെ യോഗം വിളിച്ചുചേര്‍ത്ത് വിദ്യാര്‍ഥികളുടെ പഠനകാര്യങ്ങളെ സംബന്ധിച്ച് ബോധവത്കരിക്കണം. പരീക്ഷ വിജയിക്കേണ്ടതിന്റെ പ്രാധാന്യവും അതിനു വീട്ടില്‍ നല്‍കേണ്ട ശ്രദ്ധയും പിന്‍‌തുണയുമൊക്കെ ഇത്തരം യോഗങ്ങളില്‍ വിശദീകരിക്കപ്പെടണം. മാതാക്കളുടെ സാന്നിധ്യം ഇത്തരം യോഗങ്ങളില്‍ ഉറപ്പുവരുത്തണം. ഈ യോഗത്തിന്റെ തീരുമാനമായി, പഠനത്തില്‍ മേല്‍നോട്ടം വഹിക്കാനുള്ള പ്രത്യേക പ്രാദേശിക സമിതി രൂപീകരിക്കാം. ഇത്തരം സമിതികള്‍ ഗൃഹസന്ദര്‍ശനം നടത്തുകയും കുട്ടികളുമായി ബന്ധപ്പെട്ട്, ആവശ്യമായ റഫറന്‍സും മറ്റു സൌകര്യങ്ങളും ലഭ്യമാക്കുകയും പ്രയാസമുള്ള വിഷയങ്ങളില്‍ കോച്ചിംഗ് ഏര്‍പ്പെടുത്തുകയുമൊക്കെയാകാം. സാധ്യമെങ്കില്‍ പ്രദേശത്തെ പള്ളിയും മദ്‌റസയും മറ്റു സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പഠനസഹവാസ കേമ്പുകള്‍ ആലോചിക്കാവുന്നതാണ്. നാട്ടുകാരില്‍ നിന്ന് സഹായധനം സ്വീകരിച്ചോ സ്പോണ്‍സര്‍ഷിപ്പ് വഴിയോ ചെറിയഫീസ് ചുമത്തിയോ അതിന്റെ ഫണ്ടും സമാഹരിക്കാവുന്നതേയുള്ളൂ.

ചേരിപ്രദേശങ്ങളിലും കടലോരങ്ങളിലും അതുപോലെയുള്ള ദരിദ്രമേഖലകളിലും സാമൂഹ്യസംഘടനകള്‍ നേരിട്ട് മുന്‍‌കയ്യെടുത്ത്, അവിടുത്തെ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് സജ്ജമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. വിശക്കുന്നവന് ആദ്യം വേണ്ടത് ഭക്ഷണമാണല്ലോ. അത് പരിഗണിക്കാതെ കോച്ചിംഗ്ക്ലാസുകള്‍ സംഘടിപ്പിച്ചാല്‍ വിജയിക്കുകയില്ല.

സാമര്‍ഥ്യവും ശേഷിയുമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ ലഭിച്ചില്ലെങ്കിലും, അവര്‍ ഉയരങ്ങള്‍ കീഴടക്കികൊള്ളും. പണക്കാരുടെ മക്കള്‍ക്ക് വേണ്ടത്ര പ്രഫഷണല്‍ കോച്ചിംഗ് സെന്ററുകള്‍ നാട്ടിലുണ്ട്. അതിലൊന്നും എത്തിപ്പെടാത്ത, സര്‍ക്കാര്‍ സ്കൂളുകളില്‍ പോലും ‘വൃത്തികെട്ട കുട്ടികള്‍’ എന്ന് മുദ്രകുത്തപ്പെട്ട പാവങ്ങളെ പിന്‍‌തുണയ്ക്കാനും സഹായിക്കാനുമാണ് സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ശ്രദ്ധവെയ്ക്കേണ്ടത്. ഇസ്‌ലാമിക സംഘടനകളെങ്കിലും വരേണ്യവിഭാഗങ്ങളെ മാത്രം കേന്ദ്രീകരിക്കുന്നതില്‍ നിന്ന് മാറി, അശരണരെ ഏറ്റെടുക്കാന്‍ ഇറങ്ങിച്ചെല്ലണം.

പള്ളിക്കാരെ ഊരുവിലക്കുക





സ്ത്രീധനം നല്‍കാതെ ഒരു മുജാഹിദ് യുവാവിന് മകളെ വിവാഹം ചെയ്തുകൊടുത്തതിന്റെ പേരില്‍ പാലക്കാട് ജില്ലയിലെ മപ്പാട്ടുകര പള്ളിത്തൊടി അബ്ദുല്‍ ഖാദറിനേയും ആ കല്യാണത്തില്‍ പങ്കെടുത്ത 13 കുടുംബങ്ങളേയും മഹല്ലുകമ്മിറ്റി ഒരു വര്‍ഷക്കാലമായി ഊരുവിലക്കിയിരിക്കുകയാണ്. ഇതേ പ്രദേശത്ത് സമാനമായ കുറ്റം ചാര്‍ത്തി മറ്റൊരു കുടുംബം ആറു വര്‍ഷത്തോളമായി ഊരുവിലക്ക് നേരിട്ടുവരുന്നുണ്ട്. ഐ എസ് എം സംഘടിപ്പിച്ച ഒരു സമൂഹവിവാഹത്തിലൂടെ തന്റെ മകളെ മുജാഹിദ് പ്രവര്‍ത്തകന് കെട്ടിച്ചയച്ചതാണ് ഈ കുടുംബം ചെയ്ത അപരാധം. മാത്രമല്ല, സ്ത്രീധനത്തുകയുടെ നിശ്ചിത ശതമാനം പള്ളിക്കമ്മിറ്റിക്ക് നല്‍കുക എന്ന മാമൂല്‍ ലംഘിച്ചു എന്ന ‘ഗുരുതരമായ’ കുറ്റവും ഈ കുടുംബം ചെയ്തുവെന്നാണ് മഹല്ല് കമ്മിറ്റിയുടെ കുറ്റപത്രത്തില്‍ പറയുന്നത്!

നന്മകല്പിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുക എന്നത് മുസ്‌ലിം സമുദായത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിശുദ്ധ ഖുര്‍‌ആന്‍ അര്‍ഥശങ്കക്കിടയില്ലാതെ വ്യ്കതമാക്കിയിട്ടുണ്ട്. ആര്‍ക്കും തര്‍ക്കമില്ലാത്ത വിഷയവുമാണിത്. അപ്പോള്‍ ഒരു മഹല്ലിന്റെ അടിസ്ഥാനപരമായ ചുമതല പ്രദേശത്ത് അം‌റു ബില്‍ മ‌അ്‌റൂഫ് വ നഹ്‌യുന്‍ അനില്‍ മുന്‍‌കര്‍* നടപ്പില്‍ വരുത്തുകയാണെന്ന് വരുന്നു. നമ്മുടെ മഹല്ലുകമ്മിറ്റികളില്‍ പലതും ഈ ഗൌരവതരമായ ചുമതല നടപ്പിലാക്കുന്നില്ല എന്നു മാത്രമല്ല, തിന്മ വിരോധിക്കുന്നതിനു പകരം അതു നിലനിര്‍ത്തുന്നതില്‍ വാശിപിടിക്കുകയും ചെയ്യുന്നു എന്നല്ലേ മപ്പാട്ടുകര സംഭവം വിളിച്ചു പറയുന്നത്?

സ്ത്രീധനത്തിനെതിരില്‍ ഇന്ത്യയില്‍ കടുത്ത നിയമങ്ങളുണ്ട്. സ്ത്രീധനസമ്പ്രദായം, ദാമ്പത്യ ശിഥിലീകരണം, കുടുംബഠകര്‍ച്ച, ആത്മഹത്യ, മനോരോഗങ്ങള്‍ തുടങ്ങിയ ഒട്ടേറെ സാമൂഹ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പത്രം വായിക്കുന്ന എല്ലാവരും സമ്മതിക്കും.

ഇസ്‌ലാമിക പ്രമാണങ്ങള്‍ വെച്ച് സ്ത്രീധനത്തെ ഒരു അണുത്തൂക്കം പോലും ന്യായീകരിക്കാന്‍ പഴുതുകളില്ല. കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ പലതവണ തുപ്പല്‍കൂട്ടി മറിച്ചിട്ട് സ്ത്രീധനം ഹറാമല്ലെന്ന് ഫത്‌വ എഴുതാന്‍ വിയര്‍ക്കുന്നവര്‍ പോലും ഇപ്പോള്‍ മടിച്ചുമടിച്ച് ആ ശ്രമം കൈവിട്ടുട്ടുണ്ട്. എന്നിട്ടും പ്രായോഗിക തലത്തില്‍ സ്ത്രീധനസമ്പ്രദായം അനവരതം തുടരുന്നു എന്നതാണ് സത്യം. സ്ത്രീധന ലേലംവിളി വിവാഹനിശ്ചയസദസ്സുകളില്‍ നിന്ന് അപ്രത്യക്ഷമായിത്തുടങ്ങിയിട്ടുണ്ട് എന്ന് വേണമെങ്കില്‍ സമാധാനിക്കാം. മാന്യത കെട്ട ഏര്‍പ്പാടാണിത് എന്ന കുറ്റസമ്മതമാണല്ലോ അത്. എങ്കില്‍ പോലും തലയില്‍ മുണ്ടിട്ട് സ്ത്രീധനക്കച്ചവടമുറപ്പിക്കുകയും അതിന്റെ ബ്രോക്കറേജ് പറ്റുകയുമൊക്കെ തുടരുകതന്നെ ചെയ്യുന്നു. ഹറാമായ സ്ത്രീധനത്തിന്റെ കമ്മീഷന്‍ ചോദിച്ചു വാങ്ങാന്‍ മഹല്ലുകമ്മിറ്റികള്‍ പോലും ഉളുപ്പുകെട്ടു പോയെങ്കില്‍ ഈ സമുദായം അകപ്പെട്ട ജീര്‍ണതയുടെ ആഴം ഊഹിക്കാമല്ലോ. വിദ്യാഭ്യാസക്കച്ചവടം നടത്തി ‘രൂപതാ’ എന്ന് പരസ്യമായി പറയുന്ന ചര്‍ച്ചോ ക്ഷേത്രകമ്മിറ്റികള്‍ പോലുമോ സ്ത്രീധന കമ്മിഷന്‍ നല്‍കാത്തതിന്റെ പേരില്‍ ആയിരം വിലങ്ങിയ ചരിത്രമില്ല.

ഊരുവിലക്കു വാര്‍ത്ത വിവാദമാവുകയും പോലീസും വനിതാകമ്മീഷനും സംഭവം അന്വേഷിക്കാന്‍ ഒരുങ്ങുകയും ചെയ്ത പശ്ചാതലത്തില്‍ സമുദായ സങ്കടനാ നേതാക്കള്‍ കോഴിക്കോട് യോഗം ചേര്‍ന്ന് സ്ത്രീധനത്തിനെതിരെ യോജിച്ച നീക്കം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു; ആഹ്ലാദകരമായ വാര്‍ത്തതന്നെ! മുസ്‌ലിം ലീഗിന്റെയും സുന്നീ സംഘടനകളുടെയും മുജാഹിദ്, ജമാ‍‌അത്ത് സംഘടനകളുടേയുമെല്ലാം പ്രതിനിധികള്‍ യോഗത്തില്‍ സ്ത്രീധനത്തിന്റെ ആപത്തിനെക്കുറിച്ച് ശക്തമായി പ്രസംഗിക്കുകയും ഇക്കാര്യത്തില്‍ സമുദായത്തെ ബോധവത്ക്കരിക്കാന്‍ ഐക്യമുന്നേറ്റത്തിന് ആഹ്വാനം നല്‍കുകയും ചെയ്തത് സ്വാഗതാര്‍ഹമാണ്. മുമ്പും ഇതേ വിഷയത്തില്‍ ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ പലതും നടന്നിരുന്നെങ്കിലും അതൊന്നും മുകളില്‍ നിന്ന് താഴോട്ടു വരാതെ കൂമ്പടഞ്ഞ അനുഭങ്ങളാണുള്ളത്.

സ്ത്രീധനരഹിത വേദിയുടെ സംഘാടകര്‍ ഒഴിവുവേളയിലുള്ള സൊറ വിഷയമായി തുടര്‍ന്നും ഈ സാമൂഹ്യതിന്മയെ ലളിത വത്കരിക്കുകയില്ലെന്ന് തല്‍കാലം പ്രതീക്ഷിക്കാം. പൊതുസമ്മേളനവും സെമിനാറുമൊക്കെ നടത്തി ബഹളമുണ്ടാക്കുന്നതിനു പകരം ഓരോ സംഘടനയും അതാതിന്റെ അകത്ത് എന്തു ചെയ്യാമെന്നാലോചിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. സ്ത്രീധന വിവാഹങ്ങള്‍ അംഗീകരിക്കില്ലെന്ന് മഹല്ലു നേതൃത്വങ്ങളെക്കൊണ്ട് യോജിച്ച തീരുമാനമെടുപ്പിക്കാന്‍ മതസംഘടനകള്‍ക്ക് സാധിച്ചാല്‍, ഈ തിന്മയെ ഉന്മൂലനം ചെയ്യാന്‍ അധികസമയം വേണ്ടിവരില്ല.

സ്ത്രീധനം അനിസ്‌ലാമികമാണെന്ന് ചങ്കുറപ്പോടെ പറയാന്‍ ഉലമാക്കള്‍ക്ക് ** സാധിക്കുമോ എന്നതാണ് പ്രശ്നം. ഇമാമിനും*** മുഅദ്ദിനും**** ശമ്പളം കൊടുക്കാനും പവിത്രമായ പള്ളിയുടെ നടത്തിപ്പ് ചെലവുകള്‍ക്കും പാവപ്പെട്ട രക്ഷിതാക്കളുടെ കണ്ണീരു നനഞ്ഞ പണത്തിന്റെ പങ്ക് വേണ്ടെന്ന് മഹല്ലിനെകൊണ്ട് തീരുമാനമെടുപ്പിക്കാന്‍ കക്ഷിവ്യത്യാസങ്ങള്‍ മറന്ന് ശബ്ദിക്കാന്‍ മഹല്ലിലെ ചെറുപ്പക്കാര്‍ ധൈര്യം കാണിക്കണം. സ്ത്രീധന വിവാഹം നടത്തിക്കൊടുക്കാന്‍ വിവാഹ റെക്കോര്‍ഡും കക്ഷത്തിറുക്കി കുടവയറുഴിഞ്ഞ് വിവാഹ സദസ്സിലേക്ക് നടക്കുന്ന നാട്ടുപ്രമാണിമാരേയും മുതവല്ലിമാരേയും ‘ഊരുവിലക്കാന്‍’ ചെറുപ്പക്കാര്‍ ആരെ ഭയക്കണം?

---------------------------------------------------

* - അം‌റു ബില്‍ മ‌അ്‌റൂഫ് വ നഹ്‌യുന്‍ അനില്‍ മുന്‍‌കര്‍ = നന്മകല്പിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുക.

** - ഉലമാക്കള്‍ = പണ്ഡിതര്‍

*** - ഇമാം = പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നയാള്‍

**** - മുഅദ്ദിന്‍ = പള്ളിയില്‍ ബാങ്ക് (പ്രാര്‍ഥനാസമയമറിയിക്കാന്‍) വിളിക്കുന്നയാള്‍

ഇതൊരു സഹായാഭ്യര്‍ഥനയല്ല


ഐ എസ് എം ദക്ഷിണകേരള ശില്പശാലയില്‍ പങ്കെടുക്കാന്‍ കാഞ്ഞിരപ്പള്ളിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ, ചില സുഹൃത്തുക്കളോടൊപ്പം എറണാകുളത്തെ ഒരു വീട് സന്ദര്‍ശിക്കുകയുണ്ടായി. സുഹൃത്തുക്കളില്‍ ചിലരുടെ സുഹൃദ്ഗൃഹമാണെന്നേ ആദ്യം കരുതിയുള്ളൂ.


രോഗശയ്യയിലുള്ള ഒരു സഹോദരിയെ കാണാനാണവര്‍ അവിടെ ചെന്നത്. ഏതാണ്ട് മുപ്പത് വയസ്സ് തോന്നിക്കുന്ന മുസ്‌ലിം യുവതി.ഒരുവിധം കിടക്കയില്‍ ചാരിയിരിക്കുന്നു. ഇളകാന്‍ വയ്യ. രണ്ടുമൂന്നു പേരുടെ സഹായമില്ലാതെ ഈ അവസ്ഥയില്‍ ജീവിക്കാനാവില്ലെന്ന് ഉറപ്പാണ്. ഇടുപ്പെല്ലുകള്‍ ക്ഷയിച്ചുപോയി ശരീരം തളരുന്ന മാരക രോഗത്തിന്റെ ഇരയായിരുന്നു ആ സ്ത്രീ. ഇതിനിടെ നാലു ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. കോഴിക്കോട് ബേബി, എറണാകുളം ലേക്‍ഷോര്‍ തുടങ്ങിയ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ. അടുത്ത ഒരു ശസ്ത്രക്രിയക്കുള്ള ഇടവേളയിലാണിപ്പോള്‍.


അവരുടെ മുഖത്ത് ദൈന്യമായ ഒരു പുഞ്ചിരിയുണ്ട്. കൃതാര്‍ഥതകൊണ്ട് നിറയുന്ന കണ്ണുകള്‍. “മോള്‍ക്ക് സുഖം തന്നെയല്ലേ” -അവര്‍ പതുക്കെ ചോദിച്ചു.


“അതെ, മകള്‍ സുഖമായിട്ടിരിക്കുന്നു. ധൈര്യമായിട്ടിരിക്കൂ” -എന്റെ സുഹൃത്ത് മറുപടി നല്‍കി.


തിരിച്ചുവരുമ്പോള്‍ കാറില്‍ നിന്നാണ് എന്റെ സുഹൃത്ത ആ ഹൃദയസ്പൃക്കായ കഥ പറഞ്ഞത്. ആ വീടുമായി ആ സഹോദരിക്ക് കുടുംബബന്ധമോ മറ്റു യാതൊരു ബന്ധമോ ഇല്ല. സഹോദരിയെ പരിചരിക്കുന്ന പ്രായമുള്ള സ്ത്രീയോ അവരുടെ മക്കളോ അവരുമായി മുന്‍പരിചയം പോലുമില്ലാത്തവരാണ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ശസ്ത്രക്രിയക്കു ശേഷം കോഴിക്കോട്ടുകാരിയായ ഈ സഹോദരിയെ തങ്ങള്‍ പരിചരിച്ചു കൊള്ളാമെന്നേറ്റ് അവര്‍ എറണാകുളത്തെ ആശുപത്രിയില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മാറ്റുകയായിരുന്നു.


കുറച്ചുകാലം മുമ്പു മാത്രമാണ് ആ സഹോദരി ഇസ്‌ലാം മതം സ്വീകരിച്ചത്. ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ഇസ്‌ലാം സ്വീകരിച്ച ശേഷം മതത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച് ഭക്തയായിട്ടായിരുന്നു ജീവിതം. എന്നാല്‍ മുസ്‌ലിമായ ഭര്‍ത്താവാകട്ടെ, തികച്ചും അധാര്‍മികമായാണ് കഴിഞ്ഞിരുന്നത്. മദ്യപാനം, പീഡനം, വഴികെട്ട പോക്ക് -കുറേ ഉപദേശിച്ച് നോക്കി., ക്ഷമിച്ചു. ഒടുവില്‍ ഭര്‍ത്താവിനെ വേര്‍പിരിഞ്ഞ് മകളെയും കൂട്ടി നഗരത്തിലെ ഒരിസ്‌ലാമിക സ്ഥാപനത്തില്‍ അഭയം തേടുകയായിരുന്നു. മതം മാറിയതിന്റെ പേരില്‍ കുടുംബക്കാര്‍ കടുത്തശത്രുതയിലാണിപ്പോള്‍. ഭര്‍ത്താവില്ല, ബന്ധുക്കളില്ല, വീടില്ല, സ്വത്തില്ല. മുസ്‌ലിമായതിന്റെ പേരില്‍ ജോലിയില്‍ നിന്നു പോലും പിരിച്ചുവിടപ്പെട്ടു. അതിനിടെയാണ് ദൈവത്തില്‍നിന്നുള്ള അടുത്തപരീക്ഷണം; ഈ മാരക രോഗം.


പ്രസ്തുത ഇസ്‌ലാമിക സ്ഥാപനത്തിന്റെ നടത്തിപ്പുകാരിലൊരാളായ സുഹൃത്തിന്റെ വീട്ടിലാണ് അവരുടെ മക്കള്‍ ഇപ്പോള്‍ കഴിയുന്നത്. ആ മകളെ കുറിച്ചാണ് സഹോദരി തിരക്കിയതെന്ന് പിന്നീടാണ് മനസ്സിലായത്.


എറണാകുളത്തെ വീട്ടുകാരോട് എന്തെന്നില്ലാത്ത ബഹുമാനമാണ് തോന്നിയത്. അന്‍സ്വാരി വനിതകളുടെ ധീരമായ ചരിത്രമാണ് ഓര്‍മയിലെത്തിയത്. മതത്തിന്റെ പേരില്‍, മറ്റൊരു താത്പര്യവുമില്ലാതെ ഈ നിരാലംബയെ പരിചരിക്കാനുള്ള മനസ്സിന്റെ വലുപ്പം ഇക്കാലത്ത് വിശ്വസിക്കുക പ്രയാസം. “യൌവനത്തില്‍ ദൈവത്തിന് നിരക്കാത്ത ജീവിതമായിരുന്നു. ആ തെറ്റുകള്‍ തീരാന്‍ ഇത്തരമ്പരീക്ഷണങ്ങളിലൂടെ കടന്നുപോയേതീരൂ...” -രോഗിയായ സഹോദരിയുടെ വാക്കുകള്‍ അതിലേറെ കോരിത്തരിപ്പിക്കുന്നതായിരുന്നു.


ഇത് ഒറ്റപ്പെട്ട കേസ്സല്ല. ‘കനിവുള്ളവരേ.......’ എന്ന തലക്കെട്ടില്‍ ഓരോദിവസവും പത്രങ്ങളില്‍ എത്രയെത്ര അഭ്യര്‍ഥനകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനു പുറമെ, ആരുടെയും ശ്രദ്ധയില്‍ പെടാതെ ആരോരും സഹായിക്കാനില്ലാതെ ജീവിതത്തിന്റെ വെളിമ്പുറങ്ങളില്‍ വലിച്ചെറിയപ്പെടുന്ന എത്ര നിരാലംബരുണ്ട് സമൂഹത്തില്‍. സമൃദ്ധമായ ജീവിതമാസ്വദിക്കുന്ന നാം അവരെ ഓര്‍ക്കുന്നുപോലുമില്ലല്ലോ.


മറുനാടുകളില്‍ നിന്നും എത്തിപ്പെട്ടവരോ, തെരുവില്‍ നിന്ന് കണ്ടെടുക്കപ്പെട്ടവരോ, മതവിശ്വാസത്തിന്റെ പേരില്‍ സ്വന്തം വീട്ടില്‍ നിന്ന് ആട്ടിയിറക്കപ്പെട്ടവരോ ആയ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമൊക്കെ അഭയം യാചിച്ച് പലപ്പോഴായി ഇത്തരം സ്ഥാപനങ്ങളുടെ വാതിലില്‍ മുട്ടുന്നു. സ്ഥാപനങ്ങള്‍ക്ക് അതിനുള്ള ഫണ്ടില്ല, പരിചരിക്കാന്‍ ആളില്ല, ഏറ്റെടുക്കാന്‍ സ്വമനസ്സുള്ളവരില്ല. അവരില്‍ ചിലര്‍, ക്രൈസ്തവ മിഷണറികള്‍ നടത്തുന്ന അഭയാലയങ്ങളിലേക്കോ സര്‍ക്കാര്‍ വക അനാഥശാലകളിലേക്കോ നയിക്കപ്പെടുന്നു. ചിലര്‍ മതം മാറ്റപ്പെടുന്നു. ചിലര്‍ അധോലോകങ്ങളിലോ ചുവന്ന തെരുവുകളിലോ എത്തിച്ചേരുന്നു. കൊള്ള സംഘടനകളോ ലഹരി വില്പന കേന്ദ്രങ്ങളോ അവരെ ദത്തെടുക്കുന്നു.


ഇസ്‌ലാമിക സാഹോദര്യത്തെക്കുറിച്ചും മതത്തിന്റെ മനുഷ്യമുഖത്തെക്കുറിച്ചുമൊക്കെ ധീരഘോരം പ്രസംഗിക്കുന്ന പ്രബോധകരുടേയും പ്രവര്‍ത്തകരുടേയും കണ്ണൂതുറപ്പിക്കേണ്ട ഒരു സംഭവമാണ് മുകളില്‍ ഉദ്ധരിച്ചത്. നമ്മുടെ വീട്ടില്‍, നമ്മുടെ കുട്ടികള്‍ക്കൊപ്പം അവരുടെ പ്രായത്തിലുള്ള ഒരാളെ കൂടി വളര്‍ത്താന്‍ സാമ്പത്തിക ശേഷി അനുവദിക്കുന്നവരെങ്കിലും തയ്യാറാകുമോ? നമ്മുടെ മകളോ സഹോദരിയോ രോഗമൂര്‍ഛയില്‍ കഴിയുമ്പോള്‍ പരിചരിക്കുന്ന പോലെ ഒരനാഥയെ, നിരാലംബയെ ഏറ്റെടുത്ത് പരിചരിക്കാന്‍ നാം ഒരുക്കമാണോ? ഇത്തരം അഗതികളെ, അശരണരെ ഏറ്റെടുക്കാനും പുനരധിവസിപ്പിക്കാനും ഇസ്‌ലാമിക സംഘടനകളെ ധൈര്യപ്പെടുത്താനും സഹായഹസ്തങ്ങള്‍ നീട്ടാനും ധനശേഷിയുള്ളവര്‍ കരുണകാണിക്കുമോ? എന്റെ സുഹൃത്തിന്റെ ചോദ്യം ഞാന്‍ വായനക്കാര്‍ക്കു വേണ്ടി ആവര്‍ത്തിക്കട്ടെ.

മൈസൂര്‍ കല്യാണവും വിവാഹ രജിസ്ട്രേഷനും


സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ ചിത്രം പൂര്‍ണരൂപത്തില്‍ പുതിയ വിന്‍ഡോയില്‍ ദൃശ്യമാകും.
അഭിപ്രായങ്ങള്‍ ഇവിടെരേഖപ്പെടുത്തുക.-> Click Here

പുറമെ പുഞ്ചിരിയുടെ പൂമാലകളെ


സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ ചിത്രം പൂര്‍ണരൂപത്തില്‍ പുതിയ വിന്‍ഡോയില്‍ ദൃശ്യമാകും.
അഭിപ്രായങ്ങള്‍ ഇവിടെരേഖപ്പെടുത്തുക.-> Click Here